ആര്‍ട്ടിക്കിള്‍

“മോനെ, ഞങ്ങൾ ഉപവാസം ആയിരുന്നു” -ഒരു കിറ്റ് കഥ!

കോവിഡ് കാല സഹായങ്ങളുടെ ഭാഗമായി ചില സ്ഥലങ്ങളിൽ ഭക്ഷണ/ അവശ്യസാധനങ്ങളുടെ കിറ്റ്‌ വിതരണം ചെയ്തു മടങ്ങി വരുന്ന ഒരു സന്ധ്യ സമയം…

കിറ്റ് പരിപാടി ട്രെൻഡ് ഔട്ടായി എല്ലാവരുടെയും ശ്രദ്ധ ടിവി ചലഞ്ചിൽ ഒതുങ്ങി പോയ കാലം…

കിറ്റ് ഒരെണ്ണം വണ്ടിയിൽ ബാക്കി ഉണ്ട്…
രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ചർച്ചക്കിടയിൽ അപ്പാ പറഞ്ഞൊരു കുടുംബത്തെപ്പറ്റി മനസ്സിൽ ഓർത്തു….

ചിന്തിക്കാൻ നിന്നില്ല നേരെ അപ്പനെ വിളിച്ചു!
ഫോൺ നമ്പർ മേടിച്ചു ആ വീട്ടിലെ അച്ചായനെ വിളിച്ചു…

അച്ചായാ 2 മിനിറ്റിൽ ഞാൻ ഗെയ്റ്റിൽ ഉണ്ടാവും, ഒന്ന് ഇറങ്ങി വരണം ഒരു കാര്യം ഏൽപ്പിക്കാൻ ഉണ്ട്…”

“മോനെ വിട്ടാൽ മതിയോ??” എന്ന ചോദ്യം.
“പോരാ അല്പം ഭാരം ഉണ്ട് ചേച്ചിയെ കൂടെ വിട്”
എന്ന് പറഞ്ഞു വെച്ചു.

ഗെയ്റ്റിൽ വണ്ടി നിർത്തി. സാമൂഹിക അകലം പാലിച്ചു ചെറിയ കുശലം പറച്ചിൽ. ബൂട്ട് തുറന്നു രണ്ടു കവറുള്ള ഞങ്ങളുടെ കിറ്റ് കൈമാറി. അല്പം ഭാരമുള്ളതാണ് ഞങ്ങളുടെ (ക്രൈസ്തവ കൈരളിയുടെ) കിറ്റ്.
ഏകദേശം 20 കിലോയിൽ താഴെ ഭാരമുണ്ട്. ചുമക്കാൻ ബുദ്ധിമുട്ടി, ഒന്നും മനസിലാവാതെ നിന്ന അവരോടു സംഭവം എന്താണെന്ന് പറഞ്ഞു…
ഈ ചേച്ചി അവിടെ നിന്ന് തുള്ളിച്ചാടി ഒരു 10 സ്തോത്രം ഒറ്റ ശ്വാസത്തിൽ പറഞ്ഞു… കണ്ണുകൾ നിറഞ്ഞു എന്നോട് പറഞ്ഞു
“ മോനെ, ഞങ്ങൾ ഉപവാസം ആയിരുന്നു”

ആ വാക്കുകളിൽ എല്ലാം വ്യക്തമായിരുന്നു…

അതിനു ശേഷം വാങ്ങിയ അവസാന കിറ്റും തീരുന്നതു വരെ എവിടെ പോയാലും ഒരു കിറ്റ് അധികം കരുതുമായിരുന്നു. സ്വകാര്യ യാത്രകളിലും വണ്ടിയിൽ ഒരു കിറ്റ് കരുത്തും…

അങ്ങനെ ഒരു രാത്രി സമയം ഒരു ബന്ധുവീട്ടിൽ പോയി… അതൊരു ഫെയിത് ഹോം ആണ്…
അവരുടെ എതിർവശത്തെ വീട് ഞങ്ങൾക്ക് നല്ല പരിചയമുള്ള ഒരു വീടാണ്. കൂലിപ്പണി ചെയ്തു ജീവിച്ച ഒരു പാവം അപ്പച്ചൻ ഭാര്യ മകൾ അടങ്ങുന്ന കുടുംബം..


എന്തോ ബന്ധുവീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ അപ്പയോടു ചോദിച്ചു
“ഞാൻ ആ വീട്ടിൽ ഒരു കിറ്റ് കൊടുക്കട്ടെ??”
അപ്പനും കേട്ടപ്പോൾ സന്തോഷം.
രാത്രി അവരെ വിളിച്ച ഇറക്കി… കിറ്റ് കൊടുത്തു…
ചുമക്കാൻ ബദ്ധപ്പെടുന്നത് കണ്ടു ഞങ്ങൾ ആ വീട്ടിൽ കൊണ്ട് കൊടുത്തു… സ്തബ്ധരായി നിന്നതല്ലാതെ അന്ന് അവര് ഒന്നും പറഞ്ഞില്ല… ഒരു നന്ദി പോലും!
ചില ദിവസങ്ങൾക്ക് ശേഷം മറ്റൊരു സ്ഥലത്തു വെച്ച് അപ്പയെ കണ്ടപ്പോൾ അവര് 3 പേരും വളരെ വികാരാധീനനായി പറഞ്ഞു,
“അന്ന് രാത്രി ദൈവം ഞങ്ങൾക്ക് ഒരു കാക്കയെ അയച്ചതാ പാസ്റ്ററെ …”

ഒരു വൈകുന്നേരം അടുത്ത ഒരു സുഹൃത്തിനെ വിളിച്ചു. മാധ്യമങ്ങളിൽ ഒക്കെ നിറസാന്നിധ്യമായ ഒരു സുവിശേഷകൻ. പുറം മോടിയിൽ ഒരു കുറവും ഇല്ലാത്തതുകൊണ്ട് പെട്ടെന്നാർക്കും ഒരുപക്ഷെ സാഹചര്യം മനസിലാവില്ല. ഭാര്യയും കൊച്ചു കുഞ്ഞും അടങ്ങുന്ന കുടുംബം. എന്തോ ഒരു ചിന്ത അവനെയും കുടുംബത്തെയും കുറിച്ച് തോന്നിയതുകൊണ്ട് വിളിച്ചു. അല്പം കുശലം ചോദിച്ചു. പിന്നെ കാര്യത്തിലേക്ക് കടന്നു


“ഡാ ഇരുചെവി അറിയാതെ ഒരു കിറ്റ് എത്തിച്ചാൽ നീ മേടിക്കുവോ??”
“തീർച്ചയായും മേടിക്കും പുറത്തു കാണുന്ന ജാഡ ഒക്കെ ഒള്ളടാ… അവസ്ഥ നീ ചിന്തിക്കുന്നതിലും അപ്പുറം ആണ്.”


പിന്നൊന്നും പറയിപ്പിച്ചില്ല! ഞാൻ പതിയെ വിഷയം മാറ്റി!

—–

ഇതുപോലെ അനുഭവങ്ങൾ കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ തന്നെ നിരവധി ഉണ്ട്. വിശ്വാസികൾക്കിടയിൽ മാത്രമല്ല പുറത്തും.
നാളിതുവരെ ക്രൈസ്തവ കൈരളി ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഒരു വിധത്തിലും പരസ്യപ്പെടുത്താറില്ല. എന്നാൽ നമുക്ക് ചുറ്റും ഇങ്ങനെ ചിലർ ഉണ്ട് എന്ന് നിങ്ങളും അറിയണം എന്ന് തോന്നി…കരുതാൻ കഴിയുമെങ്കിൽ കഴിവതും അവരെ കരുതുക.

സ്വയം സൂക്ഷിക്കാം… മറ്റുള്ളവരെ കരുതാം…
ഈ മഹാമാരിയെ നമ്മൾ ജയിക്കും.

ഏറെ സ്നേഹം.
അലൻ പള്ളിവടക്കൻ
ക്രൈസ്തവ കൈരളി.