
(2018 ജൂലൈ മാസത്തിൽ സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ തയാറാക്കി വാർത്താതാരക പ്രസിദ്ധീകരണം പുറത്തിറക്കിയ ലേഖനം.)
സമീപകാലത്തു ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ഒരു സംഭവം ആയിരുന്നു ക്രിസ്ത്യന്‍ വധൂവരന്മാരുടെ ക്ഷേത്രത്തിലെ വിവാഹം. ഒരു പക്ഷെ യുവത്വത്തിന്റെ എടുത്തു ചാട്ടം എന്നോക്കെ പറയാമെങ്കിലും അതില്‍ അപമാനിക്കപ്പെട്ടത് ഒരു സമൂഹം ഒന്നടംഗമാണ്, നിന്ദിക്കപ്പെട്ടത് ദൈവനാമം ആണ്. വധൂവരന്മാരുടെ ചിത്രങ്ങളും വാര്‍ത്തയും പ്രചരിപ്പിച്ചു ഓണ്‍ലൈന്‍ സദാചാര-ഉപദേശ സ്നേഹികളും വിമര്‍ശകരും അതു ആഘോഷിക്കയും പ്രചരിപ്പിക്കയും ചെയ്തു. ആ സംഭവത്തിന്റെ കനല് ഒന്നു കെട്ടടങ്ങിയപ്പോള്‍ മനുഷ്യമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന കെവിന് എന്ന ചെറുപ്പക്കാരന്റെ മരണം നമ്മുടെ കാതുകളെ ഭീതിയുടെ ശബ്ദം കേള്‍പ്പിക്കുന്നു.
സമകാലീന സംഭവങ്ങള്‍ മറനീക്കി കൊണ്ടു വരുന്ന നഗ്നമായ സത്യമാണ് ‘ക്രിസ്തീയ വിവാഹത്തെക്കുറിച്ചു നമ്മുടെ യുവതീയുവാക്കള്‍ക്ക് വലിയ ധാരണയൊന്നും ഇല്ല’ എന്നുള്ളത്. അതുകൊണ്ടുതന്നെ ക്രിസ്തീയ സഭകള്‍ വച്ചനാടിസ്ഥാനത്തില്‍ വിവാഹത്തെകുറിച്ചു സഭകളില്‍ പഠിപ്പിക്കേണ്ടതും പ്രീമാരിറ്റല്‍ കൌണ്സിലിങ്ങ് നിര്ബന്ധമാക്കേണ്ടുന്നതുമായ സമയം അതിക്രമിച്ചിരിക്കുന്നു.
വേദപുസ്തക അടിസ്ഥാനത്തില്‍ എന്താണ് കുടുംബം? എന്താണു വിവാഹം? ആരാണു വിവാഹം കഴിക്കേണ്ടത്? ആരെയാണ് വിവാഹം ചെയ്യേണ്ടത്? കുടുംബങ്ങളോ വ്യക്തികളോ ഒന്നിക്കുന്നത്? പങ്കാളിയെ തിരഞ്ഞെടുക്കാന്‍ അധികാരം ആര്‍ക്കു? മാതാപിതാക്കളുടെ പങ്ക് എന്തു? ഡിവോഴ്സ് ശരിയാണോ? രണ്ടാം വിവാഹം തെറ്റാണോ? തുടങ്ങി നമുക്കിടയില്‍ ചോദ്യങ്ങളും സംശയങ്ങളും ഒരുപാടു ഉണ്ടെങ്കിലും ഉത്തരങ്ങള്‍ കുറവാണ്, അല്ലെങ്കില്‍ ഉത്തരങ്ങള്‍ക്കുള്ള അവസരങ്ങള്‍ കുറവാണ്. മുഴങ്ങിക്കേള്‍ക്കുന്ന ഉത്തരങ്ങള്‍ പലതും അംഗീകരിക്കാന്‍ കഴിയാത്തതും ആണ്! യഥാര്‍ത്ഥ ഉത്തരങ്ങള്‍ തേടി പോകുമ്പോള്‍ നിലവില്‍ ഉള്ള പല കീഴ്വഴക്കങ്ങളെയും അതു ചോദ്യചിന്ഹത്തിലാക്കും.
ക്രിസ്തീയ വിവാഹം
ഭൂമിയില്‍ വിവാഹം സ്ഥാപിച്ചതും ആദ്യ കുടുംബത്തെ ആശിര്‍വദിച്ചതും സര്‍വശക്തനായ ദൈവമാണ്. ദൈവം സൃഷ്ടിച്ച ആദ്യമനുഷ്യനായ ആദം ഇണയില്ലാതെ ഏകനായിരിക്കുന്നത് കണ്ടിട്ട്, “മനുഷ്യന് ഏകന്‍ ആയിരിക്കുന്നതു നന്നല്ല ഞാന്‍ അവനു തക്ക തുണയെ കൊടുക്കും” (ഉല്പത്തി 2: 18) എന്നു പറഞ്ഞു ദൈവം ആദാമിന്റെ വാരിയെല്ലില്‍ ഒന്നെടുത്തു ഹവ്വയെ സൃഷ്ടിച്ചപ്പോള്‍ ആദം പറഞ്ഞതു “ഇവള് എന്റെ അസ്ഥിയില്‍നിന്നും അസ്ഥിയും മാംസത്തില്‍നിന്നും മാംസവും ആകുന്നു” (ഉല്പത്തി 2: 23) എന്നാണു.
മരണം വരെ ഭാര്യാഭര്ത്താക്കന്മാരായി ഒരു മനസ്സും ഒരു ശരീരവും എന്നപോലെ ജീവിക്കാം എന്നും ഒരുമിച്ചു മക്കളെ ജനിപ്പിച്ചു വളര്‍ത്താം എന്നും ഒരു പുരുഷനും സ്ത്രീയും തമ്മില്‍ പരസ്യമായി ദൈവസന്നിധിയില്‍ പരസ്പരം ചെയ്യുന്ന ഉടമ്പടി അല്ലെങ്കില്‍ ഉഭയസമ്മതമാണ് ക്രിസ്തീയ വിവാഹം.
വിവാഹം എവിടെവെച്ചു ആരുടെ സാന്നിധ്യത്തില്‍ നടക്കുന്നു എന്നുള്ളതില്‍ വളരെ പ്രത്യേകതയുണ്ട്. ഏതു ആചാരപ്രകാരം നടക്കുന്ന വിവാഹത്തിനും സാങ്കത്യമായും നിയമപരമായും സാധുതയുണ്ട് എങ്കിലും ക്രിസ്തീയ വിവാഹം എന്നതു ദൈവ ദാസന്മാരുടെയും ദൈവസഭയുടെയും സാന്നിദ്ധ്യത്തില്‍ ദൈവസന്നിധിയില്‍ പരസ്പര ഉഭയ സമ്മതതാല് ഒന്നിപ്പിക്കപ്പെടുന്ന ഒന്നാണ്. അതു തന്നെയാണ് അതിന്റെ ഔചിത്യവും.
ഞാന്‍ അല്ലാതെ അന്യദൈവം നിനക്കു ഉണ്ടാകരുത് എന്ന കല്പന നിലനില്‍ക്കെ (പുറപ്പാടു 20:3-6) മറ്റൊരു ദേവന്റെയോ പ്രതിഷ്ടയുടെയോ മുന്നിലോ മറ്റൊരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലോ വിവാഹം നടത്തുന്നത് ദൈവകല്പനാലംഘനവും പാപവുമാണ്. ആ പ്രവര്‍ത്തി ദൈവത്തെ തള്ളിപ്പറയുന്നതിനു തുല്യവും ആണ്.
ആര് തമ്മില്‍ ആണ് വിവാഹം കഴിക്കേണ്ടത്?
വിവാഹം എന്നുള്ളതു സൃഷ്ടിയോടുള്ള ബന്ധത്തില്‍ ദൈവീക പദ്ധതിയുടെയും കല്പനയുടെയും ഭാഗം കൂടെയാണു. ഭൂലോകം മുഴുവനും പെറ്റുപെരുകി നിറയാനും, സകല സൃഷ്ടിയെയും ഭരിക്കാനും ദൈവം മനുഷ്യനു അധികാരവും കല്പനയും കൊടുത്തു (ഉല്പത്തി 1:28). പ്രതുല്പാദനം എന്നതു തന്റെ സൃഷ്ടിയെ സംബന്ധിച്ച ദൈവീകപദ്ധതിയുടെ ഭാഗം തന്നെയാണ്.
സ്വവര്‍ഗവിവാഹം ദൈവം അംഗീകരിക്കുന്നില്ല എന്നു മാത്രമല്ല പാപമാണെന്നും ദൈവം വെറുക്കുന്ന ഒന്നാണെന്നും ദൈവവചനം വ്യക്തമാക്കുന്നു. സ്വവര്‍ഗാനുരാഗികള്‍ മരണ ശിക്ഷക്കു യോഗ്യരാണെന്നും (ലേവ്യപുസ്തകം 20:13; 18:22) ദൈവരാജ്യം അവകാശമാക്കുകയില്ല എന്നും മാത്രമല്ല അന്ത്യകാലതിന്റെ ലക്ഷണങ്ങള്‍ ആണെന്നും ദൈവവചനം പറയുന്നു (1 കൊരിന്ത്യര്‍ 6:9,10; റോമര്‍ 1:26-28; 1തിമോത്തിയോസ് 1:8-10). അതുകൊണ്ടുതന്നെ വിവാഹം പുരുഷനും സ്ത്രീയും തമ്മില്‍ ആകണം എന്നതാണ് ദൈവഹിതം.
നമ്മുടെ സമൂഹത്തിലെ മിദ്ധ്യാധാരണകളില് ഒന്നാണ് വിവാഹം രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ആണ് എന്നുള്ളതു. സാമൂഹികമായി രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ഒരു സൗഹൃദം അല്ലെങ്കില്‍ സ്നേഹബന്ധം രൂപപ്പെടുന്നു എന്നുണ്ടെങ്കിലും വിവാഹം എന്നതു തിരുവചന അടിസ്ഥാനത്തില്‍ ഒരു സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് സ്ത്രീയോടും പുരുഷനോടും ഉള്ള ഈ വാക്യങ്ങള്‍ “അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക” (സങ്കീര്‍ത്തനം 45: 10)_
“അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും” (എഫെസ്യര്‍ 5:31 ;ഉല്പത്തി 2:24) അപ്പോള്‍ രണ്ടു കുടുംബങ്ങളുടെ ഭാഗം ആയിരുന്ന യുവാവും യുവതിയും അതില്‍നിന്നും വേര്‍പെട്ടു പുതിയ ഒരു കുടുംബമായി രൂപപ്പെടുന്നു. (എന്നുകരുതി മാതാപിതാക്കളെ ഉപേക്ഷിക്കാനോ അവരോടൊപ്പം ഉള്ള സഹവാസം അവസാനിപ്പിക്കാനോ വചനം പറയുന്നില്ല; അവരെ സ്നേഹിക്കേണ്ടതും കരുതെണ്ടതും ധാര്‍മിക ഉത്തരവാദിത്വങ്ങളില്‍ ഒന്നാണ്. പ്രഥമ സ്ഥാനം വിവാഹം ചെയ്ത പങ്കാളികാളിക്കാണെന്ന് മാത്രം)
ആരെയാണ് വിവാഹം ചെയ്യേണ്ടുന്നതു?
ഒരു വിശ്വാസി ആരെയാണ് വിവാഹം ചെയ്യേണ്ടതു എന്നുള്ളതു പ്രസക്തമായ ഒരു ചോദ്യമാണ്. രക്ഷിക്കപ്പെട്ട ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടും ജനനം പ്രാപിച്ച ദൈവജനം രാജകീയ പുരോഹിത വര്‍ഗ്ഗവും, ദൈവത്തിന്റെ സ്വന്തജനവും, വിശുദ്ധവംശവും ഒക്കെയാണെന്നു വചനം പറയുന്നു (1പത്രോസ് 2:9). അതുകൊണ്ടുതന്നെ ദൈവവച്ചനപ്രകാരം അവര്‍ക്കിടയില്‍ ജാതിയുടെയോ, നിറത്തിന്റെയോ സമ്പത്തിന്റെയോ, ഭാഷയുടെയോ, രാജ്യത്തിന്റെയോ വേര്‍തിരിവുകള്‍ ഇല്ല. ഒരു വിശ്വാസിക്കു ഏതു നിറത്തിലോ രാജ്യത്തിലോ സംസ്കാരത്തിലോ വര്ഗ്ഗത്തിലോ ഉള്ള വ്യക്തിയുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാം എന്നാല്‍ വേദപുസ്തകം ഇങ്ങനെ പറയുന്നു. “നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?” (2 കൊരിന്ത്യര്‍ 6:14)._
ഒരു ക്രിസ്തു വിശ്വാസി ആരെ വിവാഹം കഴിക്കണം എന്നുള്ളതു സംബന്ദിച്ചു വേദപുസ്തകം വയ്ക്കുന്ന ഏക നിബന്ധന തന്നെപോലെ തന്നെ രക്ഷിക്കപ്പെട്ട
സ്നാനപ്പെട്ട ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടും ജനനം പ്രാപിച്ച ദൈവകൃപയില്‍ നില്ക്കുന്ന വ്യക്തിയാവണം എന്നുള്ളതു മാത്രമാണ്. വിധവകളോട് എഴുതുന്നിടത്തും ഇത് വ്യക്തമാണ് (1കൊരിന്ത്യര്‍ 7:39)
തിരഞ്ഞെടുക്കേണ്ടത് ആരു?
ഒരു പക്ഷെ ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം ഇല്ലാത്തതുകൊണ്ടാവാം, അല്ലെങ്കില്‍ ഉത്തരങ്ങളില്‍ പലപ്പോഴും സ്വാര്‍ത്ഥത ഉണ്ടാവുന്നതുകൊണ്ടാവാം സമൂഹത്തില്‍ ദുരഭിമാന കൊലകളുടെ എണ്ണം വര്‍ദ്ധിക്കുന്നത്.
അടുത്ത സമയത്തു ഒരു പ്രമുഖ കുടുംബത്തിലെ വിവാഹത്തില്‍ ഒരു പ്രമുഖ പ്രസംഗീകന്‍ ഇങ്ങനെ പ്രസംഗിച്ചു, “ദൈവവചന പ്രകാരം അപ്പന് ആണ് മക്കള്‍ക്കു ജീവിത പങ്കാളിയെ കണ്ടെത്തേണ്ടത്, അല്ലാത്തതോന്നും ദൈവഹിതമല്ല” എന്നു. അതു സ്ഥാപിക്കാന്‍ അദ്ദേഹം ഉപയോഗിച്ചത് അബ്രഹാം വാല്യക്കാരനെ അയച്ചു തന്റെ മകനായ യിസഹാക്കിനു വേണ്ടി സ്വന്തം ജനത്തിന്റെ ഇടയില്‍ നിന്നും ഭാര്യയെ കണ്ടെത്തിയ സംഭവം ആയിരുന്നു (ഉല്പത്തി 24). പലയാലുകളും രഹസ്യതിലും പരസ്യത്തിലും ഈ വാദം ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാല്‍ അബ്രഹാം അങ്ങനെ ചെയ്തതുകൊണ്ട് വേദപുസ്തകം അതു നിഷ്കര്‍ഷിക്കുന്നു എന്നു പറയാന്‍ കഴിയില്ല. കാരണം, മോശെ കൂശ്യസ്ത്രീയെ (ആഫ്രിക്കന്‍ വംശത്തില്പെട്ട ഇരുണ്ട നിറമുള്ള) വിവാഹം ചെയ്തതുകൊണ്ട് സഹോദരങ്ങളായ അഹരോനും മിര്യാമും പിറുപിറുത്തപ്പോള്‍, അതിനു ദൈവം അവര്‍ക്കു കൊടുത്ത ശിക്ഷ കുഷ്ടരോഗം ആയിരുന്നു (സംഖ്യ 12). നിറത്തിന്റെ പേരിലോ വര്‍ഗ്ഗത്തിന്റെ പേരിലോ മോശയുടെ ഭാര്യയെ അഹരോനും മിര്യാമും പഴിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തെങ്കില്‍ ദൈവം കൊടുത്ത കുഷ്ടം നിമിത്തം അവര്‍ ഒറ്റപ്പെട്ടു സ്വന്തം പാളയത്തില്‍ നിന്നു തന്നെ പുറത്താക്കപ്പെട്ടു. യിസഹാക്കിനു ഭാര്യയെ അബ്രഹാം കണ്ടെത്തി എങ്കില്‍ മോശെ അതു താനെ ചെയ്തു. രണ്ടും ദൈവം അംഗീകരിക്കുന്നു എന്നതും വ്യക്തമാണ്.
ജീവിതം ആരോടൊപ്പം ജീവിച്ചു തീര്‍ക്കണം എന്നുള്ളതു ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്, അതു തീരുമാനിക്കാന്‍ ഉള്ള ബാധ്യതയും ഉത്തരവാദിത്വവും അയാളുടെതു മാത്രമാണ് അവിടെ മറ്റുള്ളവരുടെ അഭിപ്രയങ്ങള്ക്കല്ലാതെ തീരുമാനങ്ങള്‍ക്കു യാതൊരു പ്രസക്തിയും ഇല്ല. തിരഞ്ഞെടുക്കാന്‍ വിവേകവും തിരിച്ചറിയാന്‍ പക്വതയും ആയവര്‍ മാത്രം സ്വയം പങ്കാളിയെ കണ്ടെത്തുക, അല്ലാത്തപക്ഷം അതു വഴുവിട്ട സംസാരങ്ങളിലെക്കും ബന്ധങ്ങളിലേക്കും പാപത്തിലേക്കും എത്തിച്ചേരും. ഒരുപക്ഷെ കാത്തിരിക്കുന്നത് ചതികുഴികളും ആവാം. തിരഞ്ഞെടുക്കുന്നതിനു മുന്‍പേ വിശ്വാസത്തെക്കുറിച്ചും ദൈവഹിതത്തെക്കുറിച്ചും ഉറപ്പും ബോധ്യവും വരുത്തുക. അല്ലാത്തവര്‍ തനിക്കു പങ്കാളിയെ തിരഞ്ഞെടുക്കുന്ന ജോലി മാതാപിതാക്കളെ എല്പിക്കുന്നതവും ഉചിതം.*_
വിവാഹമോചനം ശരിയാണോ?? രണ്ടാം വിവാഹം ദൈവം അംഗീകരിക്കുമോ??
വിവാഹത്തിനു മുന്‍പു തന്നെ വിവാഹ മോചനത്തെ പറ്റി ചിന്തിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിശ്വാസി സമൂഹത്തിലും വിവാഹ മോച്ചനങ്ങളും പുനര്‍ വിവാഹങ്ങളും കാണാറുണ്ട്.
വിവാഹമോചനം സാധ്യമോ എന്ന ചോദ്യത്തിന് വ്യക്തവും ദൃഡവുമായ ഉത്തരം യേശുക്രിസ്തുവിന്റെ വാക്കുകളായി വേദപുസ്തകം രേഖപ്പെടുത്തിയിരിക്കുന്നു “ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പിരിക്കരുത്” (മത്തായി 19:6) വിവാഹ ബന്ധം വേര്‍പിരിക്കുന്നത് ദൈവഹിതത്തിനു എതിരാണെന്നു ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. വേര്‍പിരിയുന്നു എങ്കില്‍ വിവാഹം കൂടാതെ പാര്‍ക്കണം എന്നും രേഖപ്പെടുത്തിയിരിക്കുന്നു (1 കൊരിന്ത്യര്‍ 7:11). എന്നാല്‍ വേര്‍പിരിയാന്‍ വേദപുസ്തകം അനുവദിക്കുന്ന ഒരേയോരു കാരണം വ്യഭിചാരമാണ് (മത്തായി 5:32) വ്യഭിചാരം (പരസംഗം) നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന് വ്യഭിചാരം ചെയ്യുന്നു എന്നും യേശു ക്രിസ്തു പറയുന്നു (മത്തായി 19:9) അതിനര്‍ത്ഥം പരസംഗം നിമിത്തം ഭാര്യയെയോ ഭര്‍ത്താവിനെയോ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് വേണമെങ്കില്‍ വീണ്ടും മറ്റൊരു വിവാഹം കഴിക്കാം എന്നാണെന്നു മനസിലാക്കാം, അല്ലായെങ്കില്‍ വീണ്ടും വിവാഹം കഴിക്കുന്നവര്‍ വ്യഭിചാരം ചെയ്യുന്നു എന്നും വേദപുസ്തകം പറയുന്നു. ജീവിത പങ്കാളി മരിച്ചുപോയവര്‍ക്കും വീണ്ടും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള അനുവാദം വേദപുസ്തകം നല്‍കുന്നുണ്ട് (1കൊരിന്ത്യര്‍ 7: 39,40).
എങ്കിലും ആത്യന്തികമായി വിവാഹബന്ധം വേര്‍പെടുത്തുന്നതു ദൈവഹിതത്തിനു വിരുദ്ധം ആണെന്നു വീണ്ടും കുറിക്കട്ടെ, “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” (മത്തായി 19:4-6).
വിവാഹം വിശുദ്ധമാണ്, വിവാഹ ബന്ധം പവിത്രമാണ്. ക്രിസ്തീയ വിവാഹത്തിന്റെ പവിത്രതയും വിശുദ്ധിയും മാന്യതയും കാത്തു സൂക്ഷേക്കേണ്ടത് വളരെ ആവശ്യമാണ്. ഭര്‍ത്താവ് ക്രിസ്തുവിന്റെയും ഭാര്യ സഭയുടെയും നിഴലാകുമ്പോള്‍ ഓരോ ദാമ്പത്യ ജീവിതവും ഏറ്റവും മാതൃകാപൂര്ണമാവണം.
Categories: ആര്‍ട്ടിക്കിള്‍, മലയാളം