ആര്‍ട്ടിക്കിള്‍

തിരിച്ചറിയാൻ വൈകിയ യാഥാർഥ്യം

– മഹിമ ജോൺ 

ഉറക്കത്തിന്റെ മയക്കത്തിൽനിന്നും അവൻ പതിയെ വിട്ടുവന്നു.കണ്ണുകൾ പതിയെ വലിച്ചുതുറന്നു.റൂമിലെ ലാമ്പിന്റെ വെളിച്ചത്തിൽ അവൻ ക്ലോക്കിലേക്ക് നോക്കി.സമയം ഏതാണ്ട് വെളുപ്പിനെ ഒന്നരമണിയോടടുക്കുന്നു.അവൻ ചുറ്റും ശ്രദ്ധിച്ചു.അച്ഛനും അമ്മയും അനിയനും സുഖമായി അപ്പുറത്ത് ഉറങ്ങുന്നുണ്ട്.രാത്രിയുടെ ഏകാന്തതയിൽ എങ്ങും നിശ്ശബ്ദത നിഴലിട്ടിരിക്കുന്നു.ശരീരമാകെ എന്തോ ഒരസ്വസ്ഥത അവനനുഭവപ്പെട്ടു.സിരകളൊക്കെ വരിഞ്ഞുമുറുകുന്നു.ഒരുതരം പിരിമുറുക്കം.പലതവണ തിരിഞ്ഞും മറിഞ്ഞും കിടന്നു.എന്തെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരവസ്ഥ.വല്ലാത്ത ദാഹവും വിശപ്പും.ഹൈസ്പീഡിൽ ഫാൻ കറങ്ങുന്നുണ്ട്.എന്നിട്ടും അസാധ്യചൂട് ശരീരത്തിൽ അനുഭവപ്പെട്ടു.അവനെ മൂടിയിരുന്ന പുതപ്പ് അവൻ വലിച്ചെറിഞ്ഞു.പുതപ്പ് മാറ്റിയപ്പോഴാകട്ടെ നല്ല തണുപ്പും.അവനെഴുന്നേൽക്കണമെന്ന് തോന്നിയെങ്കിലും അവനത്തിനാവുമായിരുന്നില്ല.വല്ലവിധേനയും പാടുപെട്ട് അവൻ കട്ടിലിൽനിന്നും എഴുന്നേറ്റു.ലൈറ്റിട്ടു.അതിന്റെ ഫിലമെന്റ് എരിയുന്ന ചെറിയ ശബ്ദം പോലും അവനെ അസ്വസ്ഥപ്പെടുത്തി.ഒരുതരം ശ്വാസം കിട്ടാത്തൊരവസ്ഥ.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ബുദ്ധിമുട്ട്.സാധാരണയായി ഇത്തരം അവസ്ഥ അവനെ പിടികൂടുമ്പോൾ വലിക്കാറാണ് പതിവ്.എന്നത്തേയും പോലെ അമ്മ കാണാതെ സിഗരറ്റും മറ്റും ഒളിപ്പിച്ച് വെക്കാറുള്ള ഇടത്തെല്ലാം അവൻ തപ്പി.അന്നെന്തോ ഒരു സിഗരറ്റ്‌പോലും അവന്റെ കൈവശമുണ്ടായിരുന്നില്ല.അസ്വസ്ഥമായ അവൻ പതിയെ മുറിയുടെ കതകു തുറന്നു.ഇരുട്ടത്ത് തപ്പിപിടിച്ച് മുൻവശത്തെ വാതിൽ തുറന്നു.പുറത്തിറങ്ങി.നല്ല തണുപ്പുള്ള രാത്രിയാണ്.അകത്തെ ലോകം വിട്ടു പുറത്തുവന്നിട്ടും അവന് സ്വസ്ഥത കിട്ടിയില്ല.നിശ്ശബ്ദതയിലും ചീവീടിന്റെയും പറമ്പിലെ തവളയുടെയും ശബ്ദം കേൾക്കാമായിരുന്നു.ആ ശബ്ദങ്ങൾ അവനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി.എന്തെന്നില്ലാത്ത രോക്ഷം തോന്നിയവന്.സിരകളിലെല്ലാം കോപം പൊന്തിവന്നു.സമയം നീങ്ങുന്നേയില്ല.ഫോണിൽ നോക്കി സമയം തള്ളിനീക്കി.എങ്ങാനൊക്കെയോ അവൻ ആ രാത്രി വെളുപ്പിച്ചു.നേരം പുലർന്നു.അമ്മ അവനെ ചായകുടിക്കാൻ വിളിച്ചു.താഴ്ന്ന ശബ്ദത്തിലാണ് അമ്മ വിളിച്ചതെങ്കിലും ആ സ്വരം അവന്റെ കാതിലൂടെതുളച്ചുകയറുന്നതായി തോന്നി.അവൻ കേട്ട ഭാവം നടിച്ചില്ല.ഫോണെടുത്ത് കൂട്ടുകാരേ വിളിച്ചു.പലരോടും സാധാനമുണ്ടോന്ന് തിരക്കി.അവന്റെ പ്രതീക്ഷകളെ ആസ്ഥാനത്താക്കി ഇല്ലെന്ന് ഉത്തരം പറഞ്ഞവർ വെച്ചു.അമ്മയുടെയും അഛന്റെയും ഒക്കെ മുൻപിൽ നല്ല മുഖമുള്ള അവന് വെളുപ്പിനെ തന്നെ ഇറങ്ങിപ്പോയി അവന്റെ ആവശ്യം സാധിക്കാൻ ആകുമായിരുന്നില്ല.എന്തു പറഞ്ഞു പുറത്തിറങ്ങും എന്നായിരുന്നു അവന്റെ ആലോചന.എന്തായാലും പുറത്തേക്കിറങ്ങാമെന്നു കരുതി മുറ്റത്തേക്കിറങ്ങി.കുറച്ചുനേരം അവൻ ഗേറ്റിനടുത്തു പോയി റോഡിലേക്ക് നോക്കി വഴിയേ പോകുന്നവരെ ശ്രദ്ധിച്ചുനിന്നു.അപ്പോഴാണപുറത്തെ വീട്ടിലെ രാഘവൻ ചേട്ടൻ ഒരു കവർ പാലും വാങ്ങി സിഗരറ്റും വലിച്ച് നടന്നുവരുന്നത് അവൻ കണ്ടത്.ആ പുകമണം അവന് വല്ലാത്തൊരു

ffffffffffff

അനുഭൂതിയായിരുന്നു.ഉറങ്ങിക്കിടന്ന അവന്റെ മനസ്സോന്നുണർന്നു.അയാൾ പോയി മറയുന്നവരെ അവൻ ആ മണവും പുകയും വലിച്ചുകയറ്റി.വല്ലാത്ത ഒരാശ്വാസം.എങ്ങനെയും വലിച്ചേ മതിയാകു എന്നവന് തോന്നി.അമ്മയോടും അച്ഛനോടും എന്തോ വിശ്വസിപ്പിക്കത്തക്ക കള്ളം പറഞ്ഞിട്ട് വീട്ടിൽ നിന്നും സാധനം തേടി അവനിറങ്ങി.അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും അച്ഛൻ ഫീസടക്കാനെന്നും പറഞ്ഞ്തന്ന പണം കൊടുത്ത് നല്ല കിടിലം ഐറ്റം അവന് കിട്ടി.വല്ലാത്ത സന്തോഷം.അവൻ കൂട്ടുകാരെ വിളിച്ചു.ആരുമെത്താത്തയിടത്തിരുന്ന് കൂട്ടുകാർക്കൊപ്പം അവനും അതാസ്വദിച്ചു.ഒപ്പം മദ്യവും ലഹരി നൽകുന്ന എല്ലാ വസ്തുക്കളുമുണ്ടായിരുന്നു.ഏറ്റവും സുന്ദരമായൊരു ലോകം.ശരീരത്തിലും മനസ്സിലുമായി ഇന്നലെരാത്രി അവൻ അനുഭവിച്ച പിരിമുറുക്കങ്ങളൊക്കെ എവിടെയോ അലിഞ്ഞുപോയി.മറ്റേതോ ഒരു ലോകത്ത് പറന്നു നടക്കുന്ന ഒരവസ്ഥ.ഒന്നിനെപ്പറ്റിയും അവന് വിചാരമില്ല.ഒന്നും അവനെ അലട്ടുന്നില്ല.കണ്ണുകളിലൊരു പ്രകാശം.സിരകളിലെല്ലാം ഒരു തരം ആസക്തി.പതിയെ അവന്റെ ഉപബോധമനസ്സുണർന്നു.ചിലനാളുകൾക് മുൻപ് അവന്റെ കണ്മുൻപിൽ സംഭവിച്ച ഒരു അപകടം ഒരു സിനിമ കാണുന്നപോലെ സ്ലോമോഷനിൽ അവൻ കണ്ടു.അവൻ ചുറ്റുപാടും നോക്കി.ചിലർ മദ്യപിക്കുന്നു.ചിലർ മരുന്ന് കുത്തിവെക്കുന്നു.ചിലർ പൊടി വലിച്ചുകയറ്റുന്നു.ചിലർ ബോധം നഷ്ടപ്പെട്ട് എന്തൊക്കെയോ സംസാരിക്കുന്നു.പരസ്പരം അശ്ലീലം പറയുന്നു.സിഗരറ്റിൽ നിന്നും മുന്തിയയിനം മദ്യത്തിലേക്കും കൂടിയ ലഹരികളിലേക്കും അവന്റെ ഉപയോഗം വളർന്നിരുന്നു.അങ്ങനിരിക്കെയാണ് പതിവുപോലെ അമ്മയുടെ ഫോൺകോൾ വന്നത്.ആ അവസ്ഥയിൽ അവൻ കോളെടുക്കാൻ മടിച്ചു.അവസാന ബെല്ലുമടിച്ചു നിന്നു.കുറേനേരത്തിനുശേഷം അവന്റെ ബോധമനസ്സുണർന്നു.ഫോണെടുത്തു അമ്മയുടെ മിസ്ഡ് കോൾ കണ്ടു.സമയം നോക്കി.സന്ധ്യകഴിഞ്ഞ് ഏഴരയോളമായി.വീട്ടിൽ പോകണമല്ലോയെന്നോർത്തു.അവൻ കൂട്ടുകാരോട് യാത്രപറഞ്ഞ് വണ്ടിയുമെടുത്ത് വീട്ടിലേക്കു പോകാനിറങ്ങി.വീണ്ടും വഴിനീളേ അവൻ അസ്വസ്ഥനായിരുന്നു.പല ചിന്തകളും അവനെ വേട്ടയാടി.വല്ലാത്ത ഒരു സമ്മർദം.സഹിക്കവയ്യാതെ അവൻ വണ്ടിയൊതുക്കി.അടുത്തായി ഒരു ചായക്കട കണ്ടു.ഒരു ചായയും വാങ്ങി അവിടെയുള്ള പാലത്തിന്റെ കൈവരിക്കുമുകളിൽ ഇരുന്നു.പലതും ആലോചിച്ചു.അവന്റെ മനസ്സ് അവനോട് തന്നെ ചോദിച്ചു:”നിമിഷനേരത്തേക്ക് മാത്രം എന്റെ സമ്മർദം അകറ്റുന്ന ലഹരിക്കുവേണ്ടി എന്തിനാണ് അച്ഛൻ തന്ന പണം ഞാൻ ചിലവാക്കിയത്?എന്തു ശാശ്വതമായ സുഖമാണ് എനിക്ക് കിട്ടിയത്?എന്തിനാണ് കള്ളം പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയത്?ഞാനെന്തു നേടി?”ഒരു നൈമിഷിക സുഖം.ഒരു സാങ്കൽപ്പിക ലോകം.ഒരു കാറിൽ രണ്ടുകുട്ടികളടങ്ങുന്ന ഒരു കുടുംബം സന്തോഷമായി ചിരിച്ചുകൊണ്ട് ചായകുടിക്കുന്ന കാഴ്ച അവൻ കണ്ടു.അതവനെ ചിന്തിപ്പിച്ചു.അവന്റെ കുടുംബത്തിലെ പഴയാകാലം.ആ നല്ലകാലം അവനോർത്തു.അവനത് തിരിച്ചുപിടിക്കണമെന്ന്തോന്നി.ചായഗ്ളാസ് പെട്ടെന്ന് കാലിയാക്കി.പൈസ കൊടുക്കാനായി പേഴ്സ് എടുത്തുതുറന്നു.പത്തുരൂപയല്ലാതെ മറ്റൊന്നുമതിലുണ്ടായിരുന്നില്ല.അപ്പോഴാണ് അച്ഛൻ തന്ന ഫീസിനെപ്പറ്റി ആലോചിച്ചത്.അതും നഷ്ടമായല്ലോയെന്നെന്റെ ബോധമനസ്സ് അവനോട് പറഞ്ഞു.സമയം വൈകിയതിനാൽ പണം കൊടുത്ത് വണ്ടിയുമെടുത്ത് അവനവിടെ നിന്നും നീങ്ങി.പുതിയ ജീവിതം അവൻ സ്വപ്നം കണ്ടു.ഇനി പഴയതിലേക്കൊരു തിരിച്ചുപോക്കില്ലെന്ന് അവൻ മനസ്സിലുറപ്പിച്ചു.വീടെത്തി.വാതിൽ തുറന്നുതന്ന അമ്മയെ അവൻ കെട്ടിപ്പിടിച്ചു.അവന്റെ ചുവന്ന കണ്ണുകളും പുകകൊണ്ട്കറുത്ത ചുണ്ടുകളും അവൻ പറയാതെതന്നെ അമ്മയെ എല്ലാം ബോധിപ്പിച്ചു.പക്ഷെ അമ്മ അവനോടൊന്നും ചോദിച്ചില്ല.എല്ലാം തുറന്നുപറയണമെന്നുണ്ടായിരുന്നെങ്കിലും അവനെപ്പറ്റി ഒന്നുമറിയാത്ത അവരോട് ഒന്നും പറയാൻ അവന്റെ മനസ്സനുവദിച്ചില്ല.എല്ലാം അവനിൽ തന്നെ ഒതുങ്ങട്ടെ എന്നു കരുതി.അമ്മയവനന്ന് അത്താഴം വാരി കൊടുത്തു.അവനത് ആസ്വദിച്ച്കഴിച്ചു.എന്തെന്നില്ലാത്ത ഒരു അനുഭൂതി.ഉള്ളിലാകെ ഒരു സന്തോഷം.മനസ്സിനൊരൂർജ്ജം.നല്ലൊരു ലോകം അവനു മുൻപിൽ വിശാലമായി തുറന്ന്കിടക്കുന്നു.അന്നത്തെ സന്ധ്യ അവനൊരു പാഠമായിരുന്നു.ഒരു തിരിച്ചറിവും.
ഞാൻ ചോദിക്കുന്നു:”നിങ്ങൾക്കെന്തു നേട്ടം?നിങ്ങൾക്ക് നഷ്ടമായ സന്തോഷങ്ങൾ തിരികെ നൽകാൻ നിങ്ങൾ കൂട്ടുപിടിച്ച ലഹരിക്ക് കഴിഞ്ഞുവോ?നഷ്ടങ്ങളുടെ കണക്കല്ലാതെ മറ്റെന്താണ് നിങ്ങൾക്ക് പറയാനുള്ളത്?”
ഓർക്കുക:നിങ്ങൾക്ക് ശാശ്വതലഹരി നൽകുന്ന നല്ലൊരു ലോകം നിങ്ങൾക്കുമുന്നിലുണ്ട്.നിങ്ങളത് കണ്ടെത്തു.നൈമിഷികസുഖം നൽകുന്ന ലഹരിയുടെ ലോകം നിങ്ങൾ കണ്ണടച്ചുതുറക്കുമ്പോൾ നിങ്ങളിൽ നിന്നും അകന്നുപോയിരിക്കും.ശരീരവും മനസ്സും കാർന്നുതിന്നുന്നതല്ല ലഹരി.ശരീരത്തെയും മനസ്സിനെയും ഉദ്ദീപിപ്പിക്കുന്നതാണ് ലഹരി.ജീവിതം ലഹരിയാക്കൂ.നിറമുള്ള ലോകം കണ്ണുതുറന്ന് കാണൂ.ലോകം കീഴടക്കൂ.

fintry

click to watch