ആര്‍ട്ടിക്കിള്‍

പ്രതിസന്ധികളിൽ സഹായിക്കുന്ന ദൈവം

പ്രിസില്ല ഷാജി

നാം സേവിക്കുന്ന നമ്മുടെ ദൈവം ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളിൽ നമ്മെ സഹായിക്കുവാൻ ഇറങ്ങിവരുന്ന ദൈവമാണ്. ചിലപ്പോൾ പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വരാം. സുന്ദര സ്വപ്നങ്ങൾ തകരാം. മറ്റുചിലപ്പോൾ പ്രാർഥനകളുടെ മറുപടി താമസിക്കാം. ഭാവി ഇരുളടഞ്ഞ അധ്യായമാകാം. പ്രതീക്ഷകൾക്ക് വിപരീതമായി ഒറ്റപ്പെടലുകളും കുറ്റപ്പെടുത്തലുകളും ഉണ്ടാകാം. പക്ഷേ ജീവിതയാത്രയിലെ ഈ ആപൽഘട്ടങ്ങളിൽ അകന്നു പോകാതെ ദൈവം ഇറങ്ങി വന്നു നമ്മെ സഹായിക്കുമെന്നതിൽ രണ്ടു പക്ഷമില്ല.

ജീവിതത്തിന്റെ കഠിന ശോധനകളിൽ ഭക്തൻമാരുടെ അടുക്കലേക്ക് നീട്ടിയ കരങ്ങളുമായി ഇറങ്ങിവന്ന ദൈവസ്നേഹത്തിന്റെ അനുഭവങ്ങളാൽ സമ്പുഷ്ടമാണ് വേദപുസ്തകം.

ഏലിയാവ് താൻ സേവിച്ചു നിൽക്കുന്ന ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു. അധികാരത്തോടെ ആകാശത്തോട് കല്പിച്ചപ്പോൾ മഴ പെയ്യാതെവണ്ണം ആകാശം അടയുകയും വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശം തുറന്നു മഴ പെയ്യുകയും ചെയ്തു. ആഹാബിന്റെ കൊട്ടാരത്തിൽ ദൈവത്തിന്റെ ശബ്ദവും നാവുമായി ഏലിയാവ് മാറി. കെരീത്ത് തോട്ടിനരികെ പോയി ഒളിച്ചിരിക്കാൻ പറഞ്ഞ ദൈവം ഏലിയാവിന് ആഹാരം നൽകേണ്ടതിന് കാക്കയോട് കല്പിച്ചു. കാക്ക അവന് അപ്പവും ഇറച്ചിയും നൽകി ക്ഷാമകാലത്തു പോഷിപ്പിച്ചു. ജീവിതത്തന്റെ ലോക്ഡൗണിലും ദൈവീക കരുതലാൽ ഏലിയാവ് ശക്തിപ്പെട്ടു. ആഴിയിൽ ദൈവത്തിനു വഴിയുണ്ടെന്നും പെരുവെളളത്തിൽ പാതയുണ്ടെന്നും വെളിപ്പെടുത്തുന്ന സർവശക്തന്റെ ഇടപെടലുകൾ എത്രയോ അഗോചരം.

ലോക്ക് ഡൗൺ കഴിഞ്ഞ പിന്നീട് സാരാഫാത്തിലേക്കാണ് പോയത്. അവിടെ ദൈവം വിധവയെ കൊണ്ട് ഏലിയാവിന് ആഹാരം നല്കി. മറ്റൊരു അവസരത്തിൽ നിരാശനായി ചൂര ചെടിയുടെ കീഴിൽ കിടന്നപ്പോൾ ദൈവം ദൂതനെ അയച്ച് ഏലിയാവിന് ആഹാരം നൽകുന്നു. ആ ദൈവം ഇന്നും നമ്മുടെ പ്രതിസന്ധിയിലും ഇറങ്ങി വരുന്നവനാണ്.

എബ്രായ ബാലന്മാരുടെ ചരിത്രവും ഈ യഥാർത്ഥൃം ഓർപ്പിക്കുന്നു. രാജാവായ നെബുക്കദ്നേസർ നിർത്തിയ ബിംബത്തെ നമസ്കരിക്കണമെന്നാണ് രാജകീയ കല്പന. കല്പന ലംഘിച്ചാൽ എരിയുന്ന തീച്ചൂളയിലേക്ക് എറിയപ്പെടും എന്നറിഞ്ഞിട്ടും അവർ ഉറച്ച തീരുമാനം ഉള്ളവരായിരുന്നു. ഞങ്ങൾ സേവിക്കുന്ന ദൈവം എരിയുന്ന തീച്ചൂളയിൽ നിന്നും ഞങ്ങളെ വിടുവിക്കും; ഇല്ലെങ്കിലും ബിംബത്തെ നമസ്കരിക്കില്ലായെന്ന്ധൈര്യമായി പറഞ്ഞു. വളരെ ദൃഡമായി തീരുമാനത്തിൽ ഉറച്ചു നിന്നവർ ഏഴ് മടങ്ങ് വർധിപ്പിച്ച തീച്ചൂളയിലേക്ക് എറിയപ്പെട്ടെങ്കിലും ദൈവം ആ തീച്ചൂളയിൽ ഇറങ്ങിവന്ന് തീയുടെ ബലത്തെ കെടുത്തി. അവരുടെ ശരീരത്തിലെ ഒരു രോമം പോലും കരിഞ്ഞു പോകാതെയും തീയുടെ മണം എൽക്കാതെയും ദൈവം സൂക്ഷിച്ചു. വിശ്വാസത്താൽ അവർ തീയുടെ ബലത്തെ കെടുത്തിയെന്ന് എബ്രായ ലേഖനത്തിൽ വായിക്കുന്നു. ഓർക്കുക, നാം സേവിക്കുന്ന ദൈവം തീച്ചൂളയിൽ നിന്നും നമ്മെ രക്ഷിക്കുന്നവനാണ്. ദൈവത്തിന്റെ ദാസനായ ദാനിയേൽ സിംഹങ്ങളുടെ ഗുഹയിൽ എറിയപ്പെട്ടു. രാജാവ് ചോദിക്കുന്നു, ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേലേ നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ സിംഹങ്ങളുടെ കയ്യിൽനിന്നു രക്ഷിപ്പാൻ പ്രാപ്തൻ ആയോ? ദാനിയേലിന്റെ മറുപടി: അതേ, ഞാൻ സേവിച്ചു വരുന്ന എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു. കാക്കയെ അയച്ചു പോഷിപ്പിക്കുന്ന, തീയുടെ ബലം കെടുത്തുന്ന, സിംഹത്തിന്റെ വായ് അടക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു. നമ്മുടെ പ്രതിസന്ധികളിൽ സഹായിക്കുവാൻ ആ ദൈവം ഇന്നും എന്നും നിനക്കായി ഇറങ്ങി വരും.