ഭാവന

നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്?

-Mini M. Thomas

അവന്റെ സിരകളിലൂടെ രക്തം തിളച്ചു. തന്റെ മുൻപിൽ വസ്ത്രങ്ങൾ കൂടിക്കൊണ്ടേയിരുന്നു. ഓരോ സാക്ഷികളും തങ്ങളുടെ വസ്ത്രം ഏല്പിച്ചിട്ട് നഗരത്തിന് പുറത്തേക്ക് ഓടി. ക്രിസ്തുവിനെ പ്രസംഗിച്ചു നടന്ന സ്തേഫാനോസിനെ കല്ലെറിയാനുള്ള തിടുക്കമായിരുന്നു എല്ലാവർക്കും. താൻ വർഷങ്ങളായി പഠിച്ചും പരിചയിച്ചും പാലിച്ചും വരുന്ന പ്രമാണങ്ങളെ കാറ്റിൽ പറത്തി, യേശു എന്ന മശിഹായെപ്പറ്റി പറയുന്നത് മാപ്പർഹിക്കാത്ത തെറ്റായി തനിക്കു തോന്നി. “ഈ വസ്ത്രങ്ങൾക്ക് കാവൽ നിൽക്കേണ്ടായിരുന്നുവെങ്കിൽ ഒരു കല്ലെങ്കിലും പെറുക്കി എറിയാമായിരുന്നു” എന്നവൻ മനസ്സിൽ ചിന്തിച്ചു. അതിന് സാധിക്കാത്തതിന്റെ പരിഭവം ആ യുവാവിന്റെ മുഖത്ത് നിഴലിച്ചു. തന്റെ പാരമ്പര്യത്തിന് വില കല്പിക്കാതെ ക്രിസ്തുവിന്റെ അനുയായികൾ എന്ന് പറഞ്ഞു നടക്കുന്നവരെ അവൻ വെറുത്തുതുടങ്ങിയിരുന്നു. പക അവനിൽ കത്തി ജ്വലിച്ചു. എല്ലാ ക്രിസ്തു ശിഷ്യരെയും കൊന്നൊടുക്കെണമെന്ന ആഗ്രഹം ആ യുവാവിന്റെ ഹൃദയത്തെ ചൂട് പിടിപ്പിച്ചു. താൻ തന്റെ പദ്ധതികൾ മെനഞ്ഞു തുടങ്ങി. അവന്റെ കണ്മുന്പിൽ എത്തുന്ന ക്രിസ്ത്യാനികളെ അവൻ ഭീഷണിയുടെ മുൻമുനയിൽ നിർത്തി. അവരെ ഉപദ്രവിക്കുവാനും അവൻ മടിച്ചില്ല. സ്ത്രീയോ പുരുഷനോ കുഞ്ഞോ മുതിർന്നവരോ എന്നത് ഒന്നും അവനു പ്രശ്നമേയല്ലായിരുന്നു.

ഇത് ശൗൽ!! തർസൊസിൽ ജനിച്ച യെഹൂദൻ; പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവൻ; ദൈവസേവയിൽ എരിവുള്ളവൻ; എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യാമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; പ്രശംസിക്കാൻ ഒരുപാടുള്ള ഒരു യൗവ്വനക്കാരൻ;

ദമസ്‌കോസിൽ ക്രിസ്ത്യാനികൾ പാർക്കുന്നു എന്ന വാർത്ത അവനെ കുപിതനാക്കി. തന്റെ രോഷവും ആവേശവും അവനെ എത്തിച്ചത് മഹാപുരോഹിതന്റെ മുന്പിലാണ്. ഗമാലിയേൽ എന്ന യഹൂദന്മാർക്ക് പ്രീയപ്പെട്ട ഗുരുവിന്റെ അരുമശിഷ്യനെ കണ്ട മഹാപുരോഹിതൻ അവന്റെ വരവിന്റെ ഉദ്ദേശത്തെ അറിയാൻ ശ്രമിച്ചു. ചോര തിളച്ച ശൗൽ എന്ന യുവാവിന് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ: “ദമസ്‌കോസിലുള്ള ക്രിസ്തുവിന്റെ മാർഗക്കാരെ പിടിച്ചുകെട്ടി യരുശലേമിലെ പള്ളികളിൽ എത്തിക്കണം.” മഹാപുരോഹിതൻ ഒന്ന് പുഞ്ചിരിച്ചു. യഹൂദ പാരമ്പര്യത്തോടും ആചാര അനുഷ്ഠാനങ്ങളോടും ശൗലിനുള്ള അമിത തീക്ഷ്ണതയിൽ പുരോഹിതൻ അഭിമാനം കൊണ്ടു. പ്രാർത്ഥനകളോടെ അധികാര പത്രം ശൗലിന് കൈമാറി.

ആ രാത്രി ശൗലിന് അളവറ്റ സന്തോഷത്തിന്റെ രാത്രി ആയിരുന്നു. താൻ അറിഞ്ഞ ന്യായപ്രമാണങ്ങളെ ആചരിക്കാത്തവരെ നശിപ്പിക്കുന്നത് തന്റെ ആത്മീയപക്വതയുടെ ഭാഗമാണെന്ന് അവന് തോന്നി. പിറ്റേ ദിവസത്തെ ദമസ്‌കോസ് യാത്ര ആലോചിച്ചു കിടന്ന ശൗൽ കണ്ട സ്വപ്നവും അവന് സന്തോഷം പകർന്നു. അധികാര പത്രവുമായി ഒരു വീട്ടു പടിക്കൽ നിൽക്കുന്ന ശൗൽ. തന്റെ ശബ്ദം കേട്ട് വാതിൽ തുറക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യൻ. ഓടി വരുന്ന ഭാര്യയും മക്കളും. അധികാര പത്രം കാണിച്ചു ആക്രോശിച്ചു അവരെ ബലമായി പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന ശൗൽ. അവരുടെ നിലവിളിയേക്കാൾ വലുതായിരുന്നു ശൗലിന്റെ കനത്ത ഭീഷണിയുടെ സ്വരം.

പിറ്റേ ദിവസം.. കുതിരക്കൂട്ടങ്ങൾ ദമസ്‌കോസിലേക്ക് പാഞ്ഞു. ദമസ്‌കോസിന്റെ വാതിൽ അവർക്കായി തുറന്നിരുന്നു. പക്ഷെ, ആ നട്ടുച്ചയ്ക്ക് ആകാശത്തു തെളിഞ്ഞു നിൽക്കുന്ന സൂര്യനെ വെല്ലുന്ന പ്രകാശം അവന്റെ കണ്ണിൽ പതിഞ്ഞു. ആ നഗര വാതിൽ കടക്കുവാൻ ശൗലിന് കഴിഞ്ഞില്ല. അവന്റെ കാഴ്ച മങ്ങി. കുതിര വെപ്രാളപ്പെട്ട് കുതിച്ചു. ശൗൽ നിലത്തുവീണു. കണ്ണുകൾ തുറക്കുവാൻ കഴിയാതെ, വീണ ശൗലിന്റെ കാതുകളിൽ ഒരു ശബ്ദം പ്രതിധ്വനിച്ചു. “ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു?” ശബ്ദം തിരിച്ചറിയാനാകാതെയിരുന്ന ശൗലിനെ ആ ശബ്ദം സ്വയം പരിചയപ്പെടുത്തി. “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും”. ആ വാക്കിന്റെ മുൻപിൽ സ്തബ്ധനായ ശൗൽ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ, അപ്പോഴാണ് താൻ ആ സത്യം തിരിച്ചറിഞ്ഞത്. അവൻ ഒരു അന്ധനായി മാറിയിരിക്കുന്നു!!! കൂടെ ഉണ്ടായിരുന്നവർ അവനെ കൈപിടിച്ചു ദമസ്‌കോസിൽ എത്തിച്ചു.

നിസ്സഹായനായ ശൗൽ!!! പണവും പ്രതാപവും അറിവും അധികാരപത്രവും നേടിയ ശൗൽ!!! ഒന്നും കുടിക്കാതെയും കഴിക്കാതെയും നെടുവീർപ്പോടെ ഇരിക്കുന്ന ശൗൽ!!! താൻ കേട്ട ശബ്ദം അവനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. താൻ ചെയ്തു കൂട്ടിയതും ഉപദ്രവിച്ചതും പാരമ്പര്യം കാത്തതും എല്ലാം ചപ്പും ചവറും ആയിരുന്നു എന്ന സത്യം താൻ തിരിച്ചറിഞ്ഞു.

രാത്രി ഏകദേശം 2 മണിയായിക്കാണും. “അനന്യാസേ” എന്നൊരു വിളി ആ മുറിയിൽ നിറഞ്ഞു. അനന്യാസ് ഉറക്കമുണർന്നു. അത് ദൈവത്തിന്റെ വിളി ആണെന്ന് താൻ തിരിച്ചറിഞ്ഞു. അനന്യാസ് എന്ന വ്യക്തി വന്ന് പ്രാർത്ഥിച്ചാൽ സൗഖ്യമാകുമെന്ന് കാത്തിരിക്കുന്ന ശൗൽ എന്ന യുവാവിന്റെ അരികിലേക്ക് പോകാൻ തന്നോടാവശ്യപ്പെട്ടു. ഒരു ഞെട്ടലോടെയാണ് ആ ആവശ്യം അനന്യാസ് കേട്ടത്. സഭയെയും വ്യക്തികളെയും ഉപദ്രവിച്ചു ജീവിക്കുന്ന, അധികാരപത്രം കയ്യിലുള്ള ശൗലിന്റെ അരികിലേക്ക് ചെന്നാൽ, ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് അസാധ്യം. പക്ഷെ ദൈവിക ധൗത്യത്തിന് മുൻപിൽ അനന്യാസ് തല കുനിച്ചു. ശൗലിന്റെ അരികിലെത്തി അവനു വേണ്ടി പ്രാർത്ഥിച്ചു കാഴ്ച തിരികെകൊടുത്തു. ക്രിസ്തീയ സഭകൾക്കെതിരെ കോളിളക്കം സൃഷ്ടിച്ച ശൗൽ സ്നാനമേറ്റു.

വാർത്ത കാട്ടുതീ പോലെ പടർന്നു. അക്രമത്തിന്റെ പുതിയ തന്ത്രമാണോ എന്ന് ജനം ഭയന്നു. യഹൂദന്മാർ രോഷാകുലരായി. ക്രിസ്തു വിരോധിയായ ശൗൽ ക്രിസ്തുവിന്റെ ധീരസാക്ഷിയായ അപ്പോസ്തലനായ പൗലോസായി!!. ക്രൂശിലെ വലിയ സ്നേഹത്തിന്റെ അനുഭവസ്ഥനായി!! അനേകരുടെ രക്ഷയ്ക്കും വിടുതലിനും കാരണക്കാരനായി!!! സ്തേഫാനോസിനെ കല്ലെറിയാൻ ആഗ്രഹിച്ച ശൗൽ എന്ന യുവാവ്, നിറോ ചക്രവർത്തിയുടെ വാളിന്റെ മുൻപിൽ പതറാതെ ക്രിസ്തുവിന്റെ രക്തസാക്ഷിയായി!!!