ആര്‍ട്ടിക്കിള്‍

ഓടിപ്പോയ വില്ലാളികൾ

മിനി

 

 

 

– മിനി എം. തോമസ്‌

                           “ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ  

                                 യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.”         

                                                (സങ്കീർത്തങ്ങൾ  78:9)    
യുദ്ധം!! അതെന്നും ഒരു ഭീകരതയാണ്. നേടിയെടുത്തതെല്ലാം അന്യർ സ്വന്തമാക്കുന്ന ദുരനുഭവം. യുദ്ധത്തിലെ പരാജയം ഒരു രാജ്യത്തിന്റെ നിലനിൽപ്പിനെയാണ് ഉലയ്ക്കുന്നത്. അതുകൊണ്ട് തന്നെ എന്തു വിലകൊടുത്തും ആയുധധാരികളായ സൈന്യത്തെ അണിനിരത്തി വിജയിക്കുകയെന്നതാണ് ഏതൊരു രാജ്യത്തിന്റെയും ലക്ഷ്യം. വില്ലാളികളുടെ എണ്ണവും അഭിനയപരിചയവും വിജയത്തിന് പരമപ്രധാനമാണ്.

എഫ്രയീമ്യ സൈന്യം കരുത്തരാണ്. ശത്രുസൈന്യത്തിന് ഒരു നിമിഷം ആത്മവിശ്വാസം തകരുവാൻതക്ക ആയുധധാരികൾ..

വില്ലാളികൾ എന്ന നാമം സമ്പാദിച്ചവർ..

നിരവധി യുദ്ധങ്ങളിൽ വിജയം നേടിയവർ..

പക്ഷെ നേടിയെടുത്ത നാമങ്ങളെയൊക്കെ അർത്ഥശൂന്യമാക്കികൊണ്ടു എഫ്രയീമ്യർ യുദ്ധദിവസത്തിൽ “പിന്തിരിഞ്ഞുപോയി”.

യുദ്ധം ചെയ്ത് പൊരുതി തോറ്റവരല്ല ഇപ്പോൾ എഫ്രയീമ്യർ..

സ്വന്തം സൈനിക ശക്തി തിരിച്ചറിയാതെ ശത്രുസൈന്യത്തെ കണ്ട്‌  ഭയന്നു, യുദ്ധം ചെയ്യുവാൻ പോലും തയ്യാറാവാതെ ഓടിപ്പോയവർ..

വില്ലാളികൾ എന്ന് ലോകം പറഞ്ഞവർ ദാരുണമായി പരാജയം ഏറ്റുവാങ്ങി..

ആത്മീയഗോളവും ഏറെക്കുറെ ആയുധധാരികളായ എഫ്രയീമ്യർ തന്നെയാണ്. ലോകത്തിന് മുൻപിൽ ഭക്തിയുണ്ട്, പ്രാർത്ഥനയുണ്ട്, ആത്മീകതയുടെ വേഷവിധാനവും പാരമ്പര്യവുമുണ്ട്. പക്ഷെ കാലപഴക്കത്തിൽ, ഭക്തി കപടഭക്തിയും ആത്മീകത വെറും അഭിനയവും മാത്രമാവുന്നു.

പ്രതികൂലങ്ങളും പ്രശ്നങ്ങളുമേറി ജീവിതം ഒരു യുദ്ധക്കളമായി മാറുമ്പോൾ ഭക്തിയെ മുറുകെപിടിച്ചു ജീവിതവിജയം നേടുമോ? അതോ, ദൈവത്തെ തള്ളിപ്പറഞ്ഞ്, അനുഭവങ്ങളെ ചോദ്യം ചെയ്ത് “പിന്തിരിഞ്ഞു ഓടിപ്പോകുമോ?”. അങ്ങനെയെങ്കിൽ ജീവിതം ഒരു പരാജയം ആയിരിക്കും. ദൈവിക പ്രമാണത്തിൽ നിന്നു തെറ്റിപോയ എഫ്രയീം സൈന്യത്തെ യുദ്ധദിവസത്തിൽ പിടിച്ചുനിർത്താൻ പഴയ വിജയവീരകഥകൾക്കോ, ആയുധത്തിനോ സാധ്യമായില്ല. എഫ്രയീമ്യരെപോലെ വചനം അനുസരിക്കാതെ, നാമം മാത്രം സമ്പാദിക്കുവാൻ എല്ലാവർക്കും സാധിക്കും. പക്ഷെ നേടിയെടുക്കുന്ന നാമത്തിനോ കപടഭക്തിക്കോ, യുദ്ധക്കളത്തിൽ നമ്മെ ജയാളികളാക്കുവാൻ കഴിയില്ല. ന്യായവിധിസമയത്ത് കിരീടം നമുക്ക് അന്യമായിരിക്കും.

 

കപടഭക്തിക്കോ പാരമ്പര്യത്തിനോ അല്ല, ഹൃദ്യമായ ആത്മികതയ്ക്കാണ് സ്ഥാനം..

ആത്മീകത ആത്മാർത്ഥമാവട്ടെ..
ഭക്തി ഹൃദയത്തിൽനിന്നുൽഭവിക്കട്ടെ..

നാം ചെയ്യുന്നതെല്ലാം മനുഷ്യർക്കെന്നല്ല ദൈവത്തിനെന്നപോലെ ചെയ്യാം.