ചിന്ത

നമ്മെ നന്നായി അറിയുന്നവൻ.

36907320_1285900988207747_543534150032818176_n

 

– ക്രിസ്ടീന ജോര്‍ജ്ജ്

പഴയനിയമ പുസ്തകത്തിലെ സാരേഫാത്തിലെ വിധവ നമ്മുക്കെല്ലാവര്കും സുപരിചിതയാണ്. ദേശത്ത്‌ മഴപെയ്യാതെ ജനങ്ങൾ വരൾച്ചയാലും ക്ഷാമത്താലും വലയുന്ന കാലം. പട്ടണവാതില്കൽ വിറകു പെറുക്കിക്കൊണ്ടിരിക്കുന്ന ഒരു വിധവയായ സ്ത്രീ. പട്ടണവാസികളുടെ മുന്നിൽ ഈ കൊടും വരൾച്ചയിലും ഭക്ഷണം പാകം ചെയ്യാൻ തയാറെടുക്കുന്ന സന്തുഷ്ടയായ സ്ത്രീയാണവൾ. മറ്റുള്ളവർ ബാഹ്യമായ പ്രവർത്തികളാൽ അവളെ വിലയിരുത്തിയപ്പോൾ തന്റെ ഭവനത്തിനുള്ളിലെ ശൂന്യത അറിഞ്ഞ ഒരു ദൈവം ഉണ്ടായിരുന്നു. അവളെ ഉള്ളതുപോലെ അറിഞ്ഞവൻ . അവളെ നന്നായി അറിഞ്ഞവൻ. ഒരുപക്ഷെ ദീർഘമായ ഒരു കാത്തിരുപ്പ് അവൾക്ക് ഉണ്ടായെന്നിരിക്കാം. അവളുടെ ഭവനത്തിലെ ഇല്ലായ്മയെക്കുറിച് ചുറ്റുപാടുള്ളവരോടോ സ്വന്തക്കാരോടോ പരിഭവവും പരാതിയും പറയാതെ ഒടുവിൽ മരിക്കുവാൻ തീരുമാനം എടുക്കേണ്ട സാഹചര്യം വരെ അവള്ക്കുണ്ടായി. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ദൈവം അവൾക്കുവേണ്ടി പ്രവർത്തിച്ചു. കലത്തിലെ മാവ് തീർന്നുപോകാത്ത ഭരണിയിലെ എണ്ണ കുറഞ്ഞുപോകാത്ത അനുഭവസമൃദ്ധിയിലേക്ക് ദൈവം അവളെ കൊണ്ടുവന്നു.

ഇതുപോലെയാണ് നമ്മൾ ഓരോരുത്തരും . പലപ്പോഴും മറ്റുള്ളവരോട് വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെയ്ക്കാൻ താല്പര്യമില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും. ജീവിതത്തിൽ നേരിടുന്ന പരാജയങ്ങൾ, വിഷമഘട്ടങ്ങൾ നമ്മിൽത്തന്നെ ഒതുക്കി കഴിച്ചുകൂട്ടുന്നവർ. ഒരു പുഞ്ചിരിയുടെ മുഖംമൂടിക്കുള്ളിൽ അതെല്ലാം മറയ്ക്കാൻ ശ്രമിക്കുന്നവർ.സമൂഹത്തിനു മുന്നിൽ തങ്ങൾ സന്തുഷ്ടരാണെന്നു നടിക്കുന്നവർ.

എന്നാൽ ഇതിന്റെയെല്ലാം നടുവിൽ നമ്മെ നന്നായി അറിയുന്ന ഒരു കർത്താവ് ഉണ്ട് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജീവിതത്തിന്റെ കൈയ്‌പ്പേറിയ ഘട്ടങ്ങളിലും ആരെല്ലാം മറന്നാലും ഹൃദയങ്ങളെ ശോധനചെയ്യുന്ന, നമ്മുടെ ഭാരങ്ങളെ വഹിക്കുന്ന ഒരുവൻ.

ആ സ്നേഹത്തെ തിരിച്ചറിയുന്നതാണ് ഈ മനുഷ്യായുസ്‌സിലെ ഏറ്റവും ഭാഗ്യകരമായ അവസ്ഥ. സമയം അല്പം വൈകി എന്ന് തോന്നിയേക്കാം. എന്നാൽ വിശുദ്ധ വേദപുസ്തകത്തിൽ പറയുന്നു.. “അതുകൊണ്ട് അവൻ തക്ക സമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ” ( 1 പത്രോസ് 5:6,7)

ആകയാൽ ആ നല്ല കർത്താവിൽ ആശ്രയികാം. ജീവിത സാഹചര്യങ്ങളെ നോക്കി വ്യാകുലപ്പെടുന്നവരായല്ല മറിച് എല്ലാറ്റിലും പ്രാർത്ഥനായാലും അപേക്ഷയാലും നമ്മുടെ ആവശ്യങ്ങളെ ദൈവത്തോട് അറിയിക്കുന്നവരായിത്തീരുവാൻ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.