കഥ

വഞ്ചിക്കുന്ന പച്ചപ്പും കാത്തിരിക്കുന്ന യേശുവും

FB_IMG_1521699398124

– ബെന്‍സി

 

ഒരിക്കൽ ഒരു യുവാവ് സുന്ദരമായ ഒരു സായാഹ്നത്തിൽ കുറച്ചു ദൂരം  നടക്കുവാൻ ആഗ്രഹിച്ചു. നിത്യേനയുള്ള സന്ധ്യ സമയത്തെ നടത്തം അവനു വളരെ സന്തോഷം നൽകുന്ന ഒന്നാണ് .  കാരണം എന്നും അവന്‍റെ കൂടെ നടക്കുവാൻ ഒരു കൂട്ടുകാരനെ പോലെ യേശു ഒപ്പം വരുമായിരുന്നു. എത്ര തിരക്കുകൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി  വെച്ച് സായാഹ്നസമയം  യുവാവ് യേശുവിന്‍റെ കൂടെ  നടക്കുവാൻ സമയം കണ്ടെത്തി. ഒരുപാട്‌ ദൂരം വിശേഷങ്ങളും വിഷമങ്ങളും സന്തോഷങ്ങളും യേശുവിനോട് പങ്കിട്ടു നടക്കുമ്പോൾ ആ വീഥിയുടെ ദൂരമോ കാലുകളിൽ ഉണ്ടായ വേദനയോ ഒന്നും അവൻ കാര്യം ആക്കിയില്ല. ദുർഘടം നിറഞ്ഞ പാത അവനു ശ്രേഷ്ഠപന്ഥാവായി തോന്നി, തികച്ചും സന്തോഷം മാത്രം.

പതിവ് പോലെ യേശുവിന്‍റെ കൈകളിൽ പിടിച്ചു്  മുൻപോട്ട് നടക്കുമ്പോൾ പുതിയ ഒരു പാത അവന്‍റെ ശ്രദ്ധയിൽപെട്ടു. കുഴികളും ഇടുക്കവും ലവലേശം പോലും ഇല്ലാത്ത, മുഴുവൻ പൂക്കളും പച്ചപ്പും നിറഞ്ഞ വിശാലമായ വഴി അവനെ വല്ലാതെ ആകർഷിച്ചു.  പുതിയ പാതയോട്  അവന് എന്തോ വല്ലാതെ ഇഷ്ടം തോന്നി. എന്നും യേശുവിനോട് അഭിപ്രായം ചോദിച്ച  മനുഷ്യൻ, യാദൃച്ഛികമായി ഒരു നിമിഷത്തേക്ക് യേശുവിന്‍റെ കൈകൾ എറിഞ്ഞു കളഞ്ഞിട്ട് വെമ്പലോടെ  വിശാലമായ പാതയിലേക്ക് ആഞ്ഞൊടി. പിന്നിലോട്ട് ഇടയ്ക്കു ഒന്ന് കണ്ണോടിച്ചപോൾ യേശു അവനു വേണ്ടി കരങ്ങൾ  നീട്ടി നിൽക്കുന്നതിൽ  തെല്ലും വിഷമം തോന്നിയില്ല..  ഹരിത ഭംഗി അല്ലാതെ വേറെ ഒന്നും അവിടെ പേടിക്കാൻ ഇല്ലെന്നു മനസ്സിൽ ആരോ മന്ദ്രിച്ചു. അങ്ങനെ മുൻപോട്ട് ഓടിയ  അവന്‍റെ  മുൻപിൽ അധികം താമസിക്കാതെ തന്നെ സുന്ദരമായ ആ പാത ഇരുട്ട് നിറഞ്ഞു. പച്ചപ്പുകൾ മാറി മരുഭൂമി ആയി. ക്രൂരമായ മൃഗങ്ങൾ അവനെ ഉപ്ടദ്രവിക്കുവാൻ അടുത്തുകൂടി. ആ മരുഭൂമിയിൽ അവൻ വെള്ളം കിട്ടാതെ വലഞ്ഞു. ഒരു മരുപച്ചയ്ക്കു  വേണ്ടി അലഞ്ഞു. പെട്ടന്ന്  അവനു യേശുവിന്‍റെ കൂടെ ഉണ്ടായിരുന്ന ആ സുന്ദരമായ സായാഹ്നങ്ങൾ  ഓർമ്മ വന്നു. യേശു ഒപ്പം ഉണ്ടായിരുന്ന  പാതയിൽ എനിക്ക് ഭയം തോന്നിയില്ല, നിരാശ ഒട്ടും ഇല്ലായിരുന്നു, സന്തോഷവും സമാധാനും മാത്രം ആയിരുന്നു എന്നൊക്കെ സ്വന്തം പ്രാണനെ ശപിച് ആത്മഗതം പറഞ്ഞുകൊണ്ട്  കരഞ്ഞു ഹൃദയനുറുക്കത്തോടെ  അവൻ തിരികെ ഓടുവാൻ തുടങ്ങി.

അതിശക്തമായ മഴയിലും അതൊന്നും കാര്യം ആകാതെ എങ്ങനെ എങ്കിലും യേശുവിനെ പിരിഞ്ഞ വഴിയിലേക്ക് എത്തണം എന്ന ആഗ്രഹത്തോടെ മുൻപോട്ട് കുതിച്ചു. ആരോ കോരിച്ചൊരിയുന്ന മഴയിലും അവിടെ കാത്തുനിൽക്കുന്നത് ഓടി കിതച് ആ പാതയുടെ അരികിൽ എത്തിയ മനുഷ്യൻറെ ശ്രദ്ധയിൽ പെട്ടു. അതെ… അത് നല്ല സ്നേഹിതൻ ആയ യേശു ആയിരുന്നു. കരഞ്ഞു കൊണ്ട് യേശുവിന്‍റെ മാർവിൽ ചാരുമ്പോൾ യുവാവ് ആലോചിച്ചു എത്ര ദൂരത്തേക്കാണ് ഞാൻ ഓടി പോയത്… അത്രെയും നേരം ഈ കോരിച്ചൊരിയുന്ന മഴയിലും എന്റെ യേശു ഞാൻ തിരികെ വരുന്നത് നോക്കി നിന്നു.. യുവാവിനെ ആലിഗനം ചെയ്തു കൊണ്ട് യേശു മെല്ലെ അവനോട് പറഞ്ഞു.” മകനെ… ഞാൻ ഇപ്പോഴും നിന്നെ സ്നേഹിക്കുന്നു ”

പ്രിയ ദൈവ പൈതലേ…   യേശുവിനോട് ഒപ്പം ഉള്ള യാത്ര  ആണ് നമ്മുടെ ക്രിസ്തീയ ജീവിതം. കർത്താവ് കൂടെ ഉള്ളപ്പോൾ കയ്പ്പു നിറഞ്ഞ നമ്മുടെ ജീവിതം മധുരതുല്യമാണ് . ശോധനകൾ ഉണ്ടാകുമ്പോളും താങ്ങുന്ന ആ ബലമേറിയ  കൈകളിൽ നാം  തികച്ചും സുരക്ഷിതരാണ്. എന്നാൽ ക്രിസ്തിയ ജീവിതത്തിൽ നമ്മളെ ഇല്ലാതാക്കുവാൻ ശത്രു കൊണ്ടുവരുന്ന ലോകമോഹങ്ങളിൽ നമ്മൾ അകപ്പെട്ട് പോകും . ചിലപ്പോൾ കർത്താവിനെ മറന്നു ജീവിക്കും  അപ്പോഴെല്ലാം നമ്മുടെ മടങ്ങി വരവ് ആഗ്രഹിച് മുടിയനായ പുത്രനെ പിതാവ് സ്വീകരിച്ചപോലെ  നമ്മെ സ്വീകരിക്കാൻ സ്വർഗം തയ്യാറായി നിൽക്കും.  ദൈവത്തെ മറന്നു ജീവിക്കുന്ന ദിവസങ്ങൾ ആണ് ഏറ്റവും പരാജയപ്പെട്ട നാളുകൾ. ഉല്പത്തി പുസ്തകം 5: 23 -24   വായിക്കുന്നു ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു , ദൈവം അവനെ എടുത്തു കൊണ്ടതിനാൽ കാണാതെയായി . ദൈവത്തോട് കൂടെ  നടന്നതുകൊണ്ട് മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഹാനോക്കിനു ജീവിതത്തിൽ ഉണ്ടായ അനുഭവം. അതുപോലെ ആണ് ക്രിസ്തുവിന്‍റെ കൂടെ നടക്കുമ്പോൾ മറ്റുപലരിൽ നിന്നും നമ്മെ വ്യത്യസ്തരാകുന്ന അനുഭവങ്ങൾ കർത്താവ് തീർച്ചയായും  നല്കീതരും. കൂരിരുൾ താഴ്വരയിൽ കൂടെ നടന്നാലും ഞാൻ ഒരു അനർഥവും ഭയപ്പെടുകയില്ല. നീ എന്നോട് കൂടെ ഇരിക്കുന്നുവല്ലോ, നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു എന്ന് സങ്കീർത്തനങ്ങൾ 23:4 ൽ പറയുന്നു . ക്രിസ്‌തീയ ജീവിതത്തിൽ കൂരിരുളിന്‍റെയും കഷ്ടതയുടെയും അവസ്ഥ വരുമ്പോളും കൂടെ നടക്കുവാനും ആശ്വസിപ്പാനും സകലവും തക്ക സമയത്തു് ചന്തവും ഉചിതവുമായി ചെയ്യുന്ന നമ്മുടെ കർത്താവ് ഉള്ളപ്പോൾ ഭാരപ്പെടേണ്ട ആവശ്യമില്ല. വേദപുസ്തകത്തിൽ അനേക വ്യക്തികൾ ദൈവത്തോട് ഒപ്പം നടന്നത് കൊണ്ട് മാത്രം ദൈവം അവരെ മാനിച്ചു , വാഗ്ദത്ത പൂർത്തീകരണം പ്രാപിച്ചു.

എത്ര ദൂരത്തേക്ക് നമ്മൾ ഓടി പോയാലും ഓരോ നിമിഷവും മടങ്ങി  വരുന്നതും നോക്കി, സ്നേഹത്തിൽ ഒട്ടും കുറവ് വരാതെ നമ്മളെ കരുതുന്ന, മാറോട് ചേർക്കുന്ന ഒരു സ്വർഗീയ പിതാവാണ് നമ്മുക്കുള്ളത്. ആ നിർവ്യാജ സ്നേഹം മറന്നു പോകാതെ ഈ ലോകസുഖങ്ങൾ ചപ്പും ചവറും ആയി പുറകിൽ എറിഞ്ഞു കളഞ്ഞു നിത്യത  മാത്രം മുൻപോട്ട് കണ്ടു കൊണ്ട് ഇനി ഉള്ള നാളുകൾ നല്ല സഹിയായ യേശുവിനോട് ഒപ്പം ജീവിക്കാൻ സർവശക്തൻ ഏവരെയും സഹായിക്കട്ടെ.

Categories: കഥ, മലയാളം