ചിന്ത

ദൈവത്തോടുള്ള സ്വയം പ്രാർത്ഥന ഫലിക്കുന്നു..!

വിശുദ്ധഗ്രന്ഥമായ ബൈബിൾ ആദിയോടന്തം പരിശോധിക്കുമ്പോൾ സ്വയം പ്രാർത്ഥനകൾക്കായി ദൈവസന്നിധിയിൽ സമയം വേർതിരിച്ച വ്യക്തികളെ ദൈവം കൈവിടുന്നില്ല. ശിഷ്ടകാലം മുഴുവനും മകനുമൊത്തു ജീവിക്കേണ്ട വീട്ടിൽ നിന്ന് ഇറങ്ങികൊടുക്കേണ്ടി വരുന്ന സാഹചര്യം. തിരിച്ചു ഒരു വാക്കു പോലും പറയാതെ അബ്രഹാം കൊടുത്ത അപ്പവും, ഒരു തുരുത്തി വെള്ളവും, കുട്ടിയേയും എടുത്തു കൊണ്ട് യാത്ര പുറപ്പെടുന്ന ഒരു ഹാഗാർ. എന്തു ചെയ്യണമെന്ന് അറിയാൻ കഴിയാതെ അവൾ യാത്ര പുറപ്പെട്ടു. യാത്രയുടെ അവസാനം അവൾ ഒരു മരുഭൂമിയിൽ എത്തി ചേരുന്നു (ഉല്പ.-21:9-21). സാഹചര്യം പ്രതികൂലമായപ്പോൾ കുട്ടിയെ ഒരു കുറുംങ്കാട്ടിൻ തണലിൽ ഇട്ടു. ശേഷം അവൾ പോയി മരുഭൂമിയിൽ ഒരു അമ്പിൻപാട്‌ ദൂരത്തു ചെന്നിരുന്നു കുട്ടിയുടെ മരണം എനിക്ക് കാണണ്ട എന്നു പറഞ്ഞു നിലവിളിക്കുന്നു. എന്നാൽ ശരിക്കും സർവശക്തനായ ദൈവം അവൾക്കു മുന്നേ അവളുടെ കുഞ്ഞിന് വേണ്ടുന്ന നീരുവ തുറന്നിട്ടുണ്ടായിരുന്നു. എന്നാൽ ദുഃഖം തളം കെട്ടിയിരുന്ന അവളുടെ ആ കണ്ണുകൾക്കു ആ നീരുറവ കാണുവാൻ കഴിഞ്ഞിരുന്നില്ല. അതാണ് വാസ്തവം. നാമും പലപ്പോഴും ഇങ്ങനെയാണ്, നമ്മുടെ സങ്കടത്തെ, നമ്മുടെ പ്രതികൂലത്തെ നമ്മൾ വലുതായി കാണും. അതിനാൽ ദൈവം ഒരുക്കിയിട്ടിരിക്കുന്ന വഴികളും, പദ്ധതികളും കാണുവാൻ നമുക്ക് സാധിക്കുന്നില്ല. ഒരു കാര്യം നാം ഓർക്കുക. മരുഭൂമിയുടെ അവസ്ഥ നമുക്ക് അറിയാം. ഹാഗാറിന്റെ യാത്രയുടെ അവസാനം മരുഭൂമിയിൽ ആണു വന്നു നിന്നത്. അനുഭവമുള്ളവർക്ക് മരുഭൂമി ഒരു പാഠശാല ആണ്. എന്നാൽ അതിനെ വിശ്രമകേന്ദ്രമാക്കുവാൻ ആർക്കും കഴിയുകേല. എന്നാൽ ഹാഗാറും,പൈതലും അത്‍ ഇവിടെ തെളിയിച്ചു. മരുഭൂമിയിലും ഹൃദ്യമായി സംസാരിക്കുന്ന ദൈവം(ഹോശേയ-2:14) ഹാഗറിനോട് സംസാരിച്ചു. അവളുടെ കണ്ണുകളെ തുറന്നു. ദൈവം തുറന്നിട്ടിരുന്ന നീരുറവ അവൾ കണ്ടു(ഉല്പ. -21:19). ശ്രദ്ധിക്കുക, ഹാഗാറിന് മാത്രമല്ല. മരുഭൂമിയുടെ അവസ്ഥയിൽ നാമും ആയിരിക്കുന്നുവോ? നാമും ദൈവസന്നിധിയിൽ സമയങ്ങൾ വേർതിരിച്ചാൽ ദൈവം നമ്മളോടും ഹൃദ്യമായി സംസാരിക്കും. കൂടാതെ, ദൈവം ഒരുക്കിയ നന്മകളും നമ്മുടെ കണ്ണുകൾക്കു കാണുവാൻ സാധിക്കും. അത്‍ അനുഭവിക്കാനും ഇടയാകും. ഒരു കാര്യം മാത്രം ചെയ്യുക, സ്വയം പ്രാർത്ഥനകൾക്ക് ദൈവസന്നിധിയിൽ സമയങ്ങൾ വേർതിരിക്കുക. അത് ഫലിക്കും നിശ്ചയം. അതിനായി ദൈവം നമ്മളെ ഇടയാക്കട്ടെ… ആമേൻ…