ആര്‍ട്ടിക്കിള്‍

വാഗ്ദത്ത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരം

WhatsApp Image 2018-03-22 at 11.48.31 AMവാഗ്ദത്ത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരം (യോസേഫിന്‍റെ ജീവിതം :ഒരവലോകനം)
– അലന്‍ പള്ളിവടക്കന്‍
കുന്നില്‍ നിന്നും പര്‍വതത്തിലേക്ക് ഒരു ഇറക്കത്തിന്‍റെ ദൂരവും താഴ്വാരത്തിന്‍റെ അകലവും ഉണ്ട് എന്നപോലെ ദൈവീക വാഗ്ദത്തങ്ങളിലേക്കും സ്വര്‍ഗീയ കലവറ നല്‍കുന്ന അനുഗ്രഹങ്ങളിലെക്കും ഒരു പരീക്ഷാ കാലത്തിന്‍റെ ദൂരമുണ്ട്.
സിംഹക്കുഴിയും തീചൂളയും പൊട്ടക്കിണറും ഭക്തന്‍റെ ജീവിതത്തില്‍ അവസാനമല്ല മറിച്ചു ഉയര്‍ച്ചയുടെയും ദൈവീക വാഗ്ദത്തങ്ങളുടെ നിവര്‍ത്തിയുടെയും ആരംഭമാണ്. വേദപുസ്തകത്തിനു അകത്തും പുറത്തുമുള ഒട്ടുമിക്ക അനുഭവങ്ങളും സംഭവങ്ങളും ചരിത്രങ്ങളും നല്‍കുന്നത് ഇതേ സന്ദേശം ആണെങ്കിലും ബൈബിളില്‍ യോസേഫിന്‍റെ ജീവിതം കൂടുതല്‍ വ്യക്തമായി ഇത് മനസിലാകാന്‍ സഹായകമാണ്.
വളരെ നാടകീയതകള്‍ നിറഞ്ഞതും സിനിമാ രംഗങ്ങളെ പോലും വെല്ലുന്നതുമായ ജീവിതാനുഭവങ്ങള്‍ ആയിരുന്നു യോസേഫിന്‍റെതു. ആടുമാടുകളും സമ്പത്തും ഒക്കെയുള്ള ജന്മികുടുംബത്തില്‍ ജനിച്ചു അപ്പന്‍റെ ഇഷ്ട പുത്രനായി വളര്‍ന്ന യോസേഫിന്‍റെ ജീവിതം ഒറ്റ ദിവസം കൊണ്ടാണ് ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും സ്വാതന്ത്ര്യത്തിനും ഒന്നും അര്‍ത്ഥമില്ലാത്ത സ്ഥിതിയിലേക്കു മാറിമറിയുന്നത്.
തന്‍റെ സഹോദരന്മാരുടെയും ആടുമാടുകളുടെയും സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ അപ്പന്‍ അവനെ ശേഖേമിലെക്കു അയക്കുന്നത് വരെ യോസേഫ് ജീവിതത്തില്‍ ദുഃഖം അറിയേണ്ടി വന്നിട്ടില്ല. യാക്കോബിന്‍റെ വാര്‍ദ്ധിക്കത്തിലെ പുത്രന്‍, ഇഷ്ട സന്തതി, 10 സഹോദരന്മാര്‍ക്കു ഇളയ സഹോദരന്‍, സമ്പന്ന കുടുംബത്തിലെ അംഗം, എല്ലാവര്‍ക്കും പ്രിയന്‍ ഒക്കെയായിരുന്നു യോസഫ്.
അപ്പന്‍ പ്രീയ മകനു സമ്മാനിച്ച നിലയങ്കി ആദ്യം സഹോദരന്മാരുടെ മനസ്സില്‍ അവനോടു അനിഷ്ടത്തിന്‍റെ വിത്തുപാകി. കണ്ട സ്വപ്നം പറഞ്ഞപ്പോള്‍ അനിഷ്ടം അസൂയ്യയും വെറുപ്പുമായി പരിണമിച്ചു. സ്വപ്നം കേട്ട അപ്പനും ദ്വേഷിചെങ്കിലും വീണ്ടും യോസേഫിനു എല്ലാം പഴയതുപോലെ തന്നെയായിരുന്നു. താനറിയാതെ ചുറ്റുമുള്ളവരും ബന്ധങ്ങളും സ്നേഹവും മാറിമറിഞ്ഞത് യോസേഫ് തിരിച്ചറിഞ്ഞിരുന്നില്ല.
അപ്പന്‍ സമ്മാനിച്ച നിലയങ്കിയുമിട്ടു തങ്ങളെ അന്വേഷിച്ചു വരുന്ന അനുജനെ ദൂരെനിന്നും കണ്ടപ്പോള്‍ സന്തോഷമല്ല ഈര്‍ഷ്യയാണ് യോസേഫിന്‍റെ സഹോദരന്മാര്‍ക്കു തോന്നിയത്. അവിടെനിന്നും സ്വപ്നങ്ങള്‍ നശിച്ച പ്രതീക്ഷകള്‍ മങ്ങിയ അനിശ്ചിതത്വത്തിന്‍റെ നാളുകളായിരുന്നു യോസേഫിനു. അവര്‍ അവനെ പിടിച്ചു പോട്ടക്കിണറില്‍ ഇട്ടതും പിന്നീട് അടിമകച്ചവടക്കാര്‍ക്കു വിറ്റതും എന്തിനെന്നു ആ ബാലന്‍ മനസിലാക്കിയിരുന്നോ? അറിയില്ല! താന്‍ സ്നേഹിച്ച തന്നെ ലാളിച്ച തന്‍റെ സഹോദരങ്ങള്‍ ശത്രുക്കള്‍ ആയതു എപ്പോഴെന്നും അവന്‍ അപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.
പൊട്ടക്കിണറിനു പുറകെ അടിമപ്പണി, പോത്തിഫെറിന്‍റെ ഭവനം, ജീവിതവിശുദ്ധിയുടെ പരീക്ഷണങ്ങള്‍, ചെയ്യാത്ത തെറ്റിനു ശിക്ഷ, ജയില്‍വാസം തുടങ്ങി ഒരുപാടു പരീക്ഷകളിലൂടെ യോസേഫ് കടന്നു പോയി. കാരാഗ്രഹത്തില്‍ സ്വപ്നം വ്യാഖ്യാനിച്ചുകൊടുത്തപ്പോള്‍ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് വാഗ്ദാനം നല്‍കിയ രാജാവിന്‍റെ പാനപാത്രവാഹകനും അവനെ മറന്നു. ഇതിനോടകം നല്ല യൗവനവും ജീവിതത്തിന്‍റെ ദീര്‍ഘമായ വര്‍ഷങ്ങളും ശോധനാനാളുകളായും കാരാഗ്രഹ വാസമായും അവനു നഷ്ടപ്പെട്ടിരുന്നു. യോസേഫിന്‍റെ സ്വപ്നങ്ങളേക്കാള്‍ കൂടുതലായിരുന്നു അതു നിമിത്തമുള്ള ശത്രുക്കളുടെ എണ്ണം.
മിസ്രയിമിലെ ജ്ഞാനികള്‍ക്കും മന്ത്രവാദികള്‍ക്കും ഒന്നും ഫറവോന്‍റെ സ്വപ്നം വ്യാഖ്യാനിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തന്‍റെ സ്വപ്നത്തിന്‍റെ അര്‍ഥം പറഞ്ഞ, താന്‍ മറന്നു പോയ, യോസേഫ് എന്ന എബ്രായ യൗവനക്കാരനെ പാനപാത്ര വാഹകന്‍ വീണ്ടും ഓര്‍ത്തു. വരാനിരിക്കുന്ന സമൃദ്ധിയെക്കുറിച്ചും അതിനുശേഷമുള്ള ക്ഷാമത്തെക്കുറിച്ചുമുള്ള തന്‍റെ സ്വപ്നം വ്യാഖ്യാനിച്ച, അവകാശികളോ ബന്ധുക്കളോ പാരമ്പര്യമോ ഒന്നുമില്ലാത്ത എബ്രായനായ ആ ജയില്‍പുള്ളിയെ നോക്കി ഫറവോന്‍ ഫറവോന്‍ ഇങ്ങനെ പറഞ്ഞു “ ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. നീ എന്‍റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്‍റെ വാക്കു എന്‍റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും. ഇതാ, മിസ്രയീം ദേശത്തിന്നൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു”. പിന്നെ ഫറവോൻ തന്‍റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്‍റെ കൈക്കു ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വർണ്ണസരപ്പളിയും അവന്‍റെ കഴുത്തിൽ ഇട്ടു. തന്‍റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്‍റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീം ദേശത്തിന്നൊക്കെയും മേലധികാരിയാക്കിയിട്ടു വീണ്ടുമവനോടു പറഞ്ഞു, “ഞാൻ ഫറവോൻ ആകുന്നു; നിന്‍റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു”
എല്ലാമുണ്ടായിരുന്നിട്ടും എല്ലാം നഷ്ടപ്പെട്ടു അടിമയായി മരണത്തെ വരെ മുഖാമുഖം കണ്ടു ഒടുവില്‍ ചെയ്യാതെ കുറ്റത്തിനു ഒരു കുറ്റവാളിയെപ്പോലെ സമൂഹത്തില്‍ ആരും വെറുക്കുന്ന ജയില്‍പുള്ളികളില്‍ ഒരാളായിതീരേണ്ടി വന്ന സ്വപ്നങ്ങള്‍ മറന്ന സ്വപ്നക്കാരന്‍ ഒറ്റദിവസം കൊണ്ടു മിസ്രയിമിനു അധിപതിയായി, ഫറവോനു പിതാവായി. യോസേഫ് നിലയങ്കി ഇട്ടു കാണുവാന്‍ അപ്പന്‍ ആഗ്രഹിച്ചപ്പോള്‍ ദൈവം ആഗ്രഹിച്ചത്‌ അവന്‍ രാജവസ്ത്രം അണിഞ്ഞു കാണുവാനാണ്.
അനുഗ്രഹങ്ങള്‍ തേടിയെത്തിയെങ്കിലും കണ്ട സ്വപ്നം സാക്ഷാത്കരിക്കുന്നത് കാണുവാന്‍ യോസേഫ് വീണ്ടും ക്ഷാമകാലം വരെ കാത്തിരിക്കേണ്ടി വന്നു. തന്നെ വിട്ടുകളഞ്ഞ സഹോദരങ്ങള്‍ ക്ഷാമം ബാധിച്ച സ്വന്ത ദേശത്തുനിന്നും ധാന്യം തേടി മിസ്രയീമില്‍ എത്തുന്നത്‌ വരെ!
എന്തിനു ഇക്കാലമത്രയും ദൈവം യോസെഫിനെ വേദനിപ്പിച്ചു എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ് പക്ഷെ, അങ്ങനെ സംഭവിച്ചതുകൊണ്ട് ഒരിക്കലും വിചാരികാത്ത അത്ര ഉയരത്തില്‍ മിസ്രയീമില്‍ ഫറവോന്‍ പോലും ആദരിക്കതക്ക നിലയിലേക്ക് ദൈവം അവനെ ഉയര്‍ത്തി. സ്വന്തജനം ക്ഷാമം മൂലം ബാധിക്കപ്പെട്ടപോള്‍ മിസ്രയീമിന്‍റെ നിറഞ്ഞ നിലവറ യോസേഫ് മൂലം അവരിലേക്കു തുറക്കപ്പെട്ടു. ഒടുവില്‍ താന്‍ കണ്ട സ്വപ്നം, അല്ല, ദൈവം ദര്‍ശനത്തില്‍ കൊടുത്ത വാഗ്ദത്തം പ്രവര്‍ത്തികമാകുന്നത് അവന്‍ കണ്ടു.
പ്രതീക്ഷകള്‍ക്കപ്പുറമാണ് ജീവിതം. അപ്രതീക്ഷിതമായി വരുന്ന പ്രതിസന്ധികള്‍ അതിനപ്പുറത്തു അതേപോലെ അപ്രതീക്ഷിതമായി കാത്തിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കും വാഗ്ദത നിവര്‍ത്തിക്കും വഴിതെളിക്കും.
തനിക്കു കിട്ടിയ ദര്‍ശനം ദര്‍ശനം പറഞ്ഞപ്പോള്‍ അപ്പന്‍ ദ്വേഷിച്ചു, സഹോദരങ്ങള്‍ വെറുത്തു, ചുറ്റും നിന്നവര്‍ പുച്ചിച്ചു, ചിലര്‍ സ്വപ്നക്കാരന്‍ എന്നു വിളിച്ചു പരിഹസിച്ചു എന്നാല്‍ കാണിച്ച ദൈവം അതു നിവര്‍ത്തിച്ചു. നിന്‍റെ ദര്‍ശനവും നിന്‍റെമേല്‍ ഉള്ള വാഗ്ദത്തങ്ങളും നിമിത്തം പലരും നിന്നെ വെറുത്തേക്കാം, പലതും നിനക്കു നഷ്ടമായേക്കാം എന്നാല്‍ അല്പം കാത്തിരുന്നാലും അത്ഭുതത്തിന്‍റെ നിമിഷം അപ്രതീക്ഷിതമായ സമയത്തു നിന്നെ തേടിയെത്തും. വാഗ്ദത്തം ചെയ്ത ദൈവം അത് നിവര്‍ത്തിക്ക തന്നെ ചെയ്യും.
ഒന്നിനു പിറകെ ഒന്നായി മാറിമാറി വരുന്ന പ്രശ്നങ്ങളും, കാലങ്ങള്‍ നീണ്ടുപോകുന്ന ശോധനയും, പ്രതീക്ഷകള്‍ക്കു വിരാമമിടുന്ന പ്രതിസന്ധിയും സാഹചര്യങ്ങളും കണ്ടു ഭ്രാമിച്ചുപോകണ്ട, ദൈവത്തിന്നു നിന്നെക്കുറിച്ച് ഒരു ഉദ്ദേശമുണ്ട്, നിന്നെക്കൊണ്ട് അവനു ആവശ്യമുണ്ട്! എല്ലാം ഉള്ള അവസ്ഥയില്‍ നിന്നും ശൂന്യതയിലെക്കു പോകുമ്പോള്‍ ഭയപ്പെടരുത്, അതിനപ്പുറത്തു നഷ്ട്ടപ്പെട്ടതിലും അനേകം ഇരട്ടിയായി തരുവാന്‍ കരുതിവച്ചിട്ടാണ് പ്രതിസന്ധിയില്‍ ദൈവം നമ്മളോടൊപ്പം നടക്കുന്നത്.
ആ യാത്ര ഒരു പാകപ്പെടുതലാണ്, നമ്മളെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശം നിവര്‍ത്തിക്കുന്നതിനു വേണ്ടി നമ്മളെ ഒരുക്കുന്ന പ്രക്രീയ. ആ യാത്ര ചെന്നെത്തുന്നതു അഭിവൃത്തിയിലേക്കും വാഗ്ദതനിവര്‍ത്തിയിലേക്കുമാണ്. കാരണം, യാത്രയില്‍ കൂടെയുള്ളതും യാത്ര നയിക്കുന്നതും ദൈവമാണ്. അതെ, വാഗ്ദത നിവര്‍ത്തിയിലേക്കു ഒരു പരീക്ഷാകാലത്തിന്‍റെ ദൂരമുണ്ട്!