ചിന്ത

നീട്ടപ്പെട്ട പൊന്‍ചെങ്കോല്‍

15936377_1235875953144895_4240775064425064896_o

– ബിന്ദു പ്രകാശ്‌

ഏവർക്കും ദൈവനാമത്തിൽ സ്നേഹവന്ദനം;

ബൈബിളില്‍ യെശയ്യാവ് 64:4 ഇല്‍ പറയുന്നു. “നീയല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനു വേണ്ടി പ്രവർത്തിക്കുന്നത് പണ്ടു മുതൽ ആരും കേട്ടിട്ടില്ല; ഗ്രഹിച്ചിട്ടില്ല. കണ്ണുകൊണ്ട് കണ്ടിട്ടുമില്ല.”

നമുക്ക് ബൈബിളില്‍ എസ്തെറിന്‍റെയും, മോർദ്ദഖായിയുടേയും അനുഭവത്തിലേക്ക് കണ്ണോടിക്കാം.

ആദാർ മാസം ആയ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി എല്ലാ യഹൂദൻമാരുടെയും ആബാലവൃദ്ധം ജനങ്ങളെയും കൊന്നു മുടിച്ച് അവരുടെ വസ്തുവകകൊള്ളയിടാൻ രാജകൽപ്പന യെഹൂദൻമാരുടെ ശത്രുവായ ഹാമാൻ രേഖ ഉണ്ടാക്കി. യെഹൂദൻമാർ മഹാദു:ഖത്തോടും ഉപവാസത്തോടും രട്ടുടുത്ത് വെണ്ണീറിൽ കിടന്നു. എസേതറും തന്‍റെ ബാല്യക്കാരത്തികളും 3 ദിവസം രാവും പകലും ഉപവസിച്ചു കൊണ്ട് പ്രാർത്ഥിച്ചു. മൂന്നാം ദിവസം രാജസന്നിധിയിലേക്ക് ധൈര്യത്തോടെ എസ്തേർ കടന്നുചെന്നു. രാജാവ് തന്‍റെ പൊൻ ചെങ്കോൽ എസ്തേറിനു നേരെ നീട്ടി. എവിടെ ഹാമാൻ ദൈവപൈതലായ മോർദ്ദഖായിക്കായി കഴുമരം ഒരുക്കിയോ അവിടെ ഹാമാനെ തൂക്കാനിടയായി…

ഏതു ദിവസം യഹൂദൻമാരെ കൊന്നുകളവാൻ കൽപ്പന ഉണ്ടായിരുന്നോ അതേദിവസം തന്നെ തങ്ങളുടെ ശത്രുക്കളെ കൊന്നുകളവാൻ ദൈവം ഇടവരുത്തി. എസ്തേര്‍ 9: 15 മുതലുള്ള വാക്യങ്ങൾ ഇങ്ങനെ പറയുന്നു ശൂശനിലെ യഹൂദൻമാർ സന്തോഷവും വിരുന്നും ഉൽസവ ദിവസം ആയി കൊണ്ടാടാൻ ദൈവം ഇടയാക്കി.

പ്രതികൂലതിന്‍റെ ദിവസങ്ങളിൽ നാം പ്രാർത്ഥനയോടെ, ഉപവാസത്തോടെ കർത്താവിനോട് അടുക്കുമ്പോൾ അവൻ നമ്മുടെ വിലാപത്തെ ന്യത്തമാക്കി, നമ്മുടെ രട്ട് അഴിച്ച് നമ്മെ സന്തോഷം ഉടുപ്പിച്ച് നമ്മുടെ വായിൽ പുതിയ പാട്ട് തരും.

ഏതു വിഷയം ആയാലും രാജാധിരാജാവായ ദൈവം അവന്‍റെ പൊൻ ചെങ്കോൽ നമുക്ക് നേരെ നീട്ടട്ടെ! ശത്രുവായ പിശാചു നമുക്കെതിരെ ഉണ്ടാക്കിയ കണിയിൽ അവൻ തന്നെ വീഴട്ടെ. ശത്രുക്കളുടെ മേൽ ജയം തരുന്ന ദൈവത്തെ നമുക്ക് ഉയർത്താന്‍ ഇടവരട്ടെ.